സ്യുവെല്ലയെ പുറത്താക്കി, ഡേവിഡ് കാമറണിനെ മന്ത്രിയാക്കി; അഴിച്ചുപണിത്, ഞെട്ടിച്ച് ഋഷി സുനക്
Mail This Article
ലണ്ടൻ ∙ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവർമാനെ പുറത്താക്കിയ സുനക്, മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിദേശകാര്യ മന്ത്രിയാക്കി നിയമിച്ചും ഞെട്ടിച്ചു. പലസ്തീൻ അനുകൂല മാർച്ച് പൊലീസ് കൈകാര്യം ചെയ്തതിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതാണു പുറത്താക്കലിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്. വിവാദത്തെത്തുടർന്ന് സർക്കാരിൽനിന്ന് രാജിവയ്ക്കണമെന്ന് സുനക് ആവശ്യപ്പെട്ടുവെന്നും സ്യുവെല്ല ഇത് അംഗീകരിച്ചുവെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മുൻ പ്രധാനമന്ത്രിയെ സുപ്രധാന ചുമതലയിലേക്കു നിയമിച്ചതും അവിചാരിത നീക്കമായിരുന്നു. വിദേശകാര്യ മന്ത്രിയായിരുന്ന ജയിംസ് ക്ലവർലിയാണു പുതിയ ആഭ്യന്തരമന്ത്രി. ബ്രിട്ടിഷ് മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരിൽ ഒരാളായിരുന്നു സ്യുവെല്ലയെങ്കിലും പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. പൊലീസിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ ലേഖനം സുനകിനെ സമ്മർദത്തിലാക്കി. ആഭ്യന്തരമന്ത്രിയുടെ നിലപാട് സംഘർഷം വർധിപ്പിക്കുകയും പ്രതിഷേധക്കാരെ തെരുവിലിറങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നു വിമർശനമുയർന്നു.
പലസ്തീൻ അനുകൂല മാർച്ചുകൾ ചില പ്രത്യേക വിഭാഗത്തിന്റെ താൽപര്യം സംരക്ഷിക്കാനാണെന്നും ഗാസയിൽ വെടിനിര്‍ത്തൽ ആവശ്യപ്പെടുന്ന റാലികൾ വിദ്വേഷ മാർച്ചുകളാണെന്നും സ്യുവെല്ല പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന റാലിയെ നിശിതമായി വിമർശിച്ചുകൊണ്ട് സ്യുവെല്ല ലേഖനമെഴുതി. പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രിയിൽനിന്ന് ലഭിക്കേണ്ട അനുമതി ഇല്ലാതെയാണ് അവർ ലേഖനം പ്രസിദ്ധീകരിച്ചത്. പലസ്തീൻ അനുകൂല മാർച്ചുകൾ ഇസ്‌ലാമിക് തീവ്രവാദികളുടെ താൽപര്യപ്രകാരമാണ് നടക്കുന്നതെന്നും സ്യുവെല്ല പറഞ്ഞു. പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നും സുനകിന് സമ്മർദമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
2010 മുതൽ 2016 വരെ പ്രധാനമന്ത്രിയായിരുന്നു കാമറൺ. യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തു പോകണമെന്ന് ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടിഷ് ജനത അഭിപ്രായപ്പെട്ടതോടെയാണു കാമറൺ സ്ഥാനമൊഴിഞ്ഞത്. ‘‘ഋഷി സുനക് ശക്തനും പ്രാപ്തിയുമുള്ള പ്രധാനമന്ത്രിയാണ്. അതിനാലാണു നിയമനത്തെ ഞാൻ എതിർക്കാതിരുന്നത്. രാജ്യാന്തരതലത്തിൽ യുകെ വെല്ലുവിളികൾ നേരിടുന്നുണ്ട്. കൺസർവേറ്റീവ് നേതാവ്, മുൻ പ്രധാനമന്ത്രി എന്നീ നിലകളിലെ എന്റെ അനുഭവങ്ങൾ സുനകിനെ സഹായിക്കുമെന്നാണു പ്രതീക്ഷ.’’– കാമറൺ പ്രതികരിച്ചു.
2022 സെപ്റ്റംബറിൽ അന്നത്തെ പ്രധാനമന്ത്രി ലിസ് ട്രസ് ആണ് സ്യുവെല്ലയെ ഹോം സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എംപിക്കു സ്വകാര്യ ഇമെയിൽ വഴി കൈമാറി ചട്ടലംഘനം നടത്തിയതിന്റെ പേരിൽ അവർ രാജിവച്ചു. ദിവസങ്ങള്‍ക്കകം പ്രധാനമന്ത്രി പദത്തിലെത്തിയ ഋഷി സുനക്, സ്യുവെല്ലയെ വീണ്ടും അതേ പദവി ഏൽപിക്കുകയായിരുന്നു.