‘‘ഫണ്ട് വിനിയോഗിക്കുന്നതിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി; ഒരു കുടുംബത്തിനു പണം നൽകുമ്പോൾ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേതല്ലേ?’’
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന ഹർജി തള്ളിയെങ്കിലും ഫണ്ട് വിനിയോഗിക്കുന്നതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായതായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടി. ലോകായുക്തയ്ക്ക് ഈ കേസ് പരിഗണിക്കാനുള്ള നിയമപരമായ അവകാശമുണ്ട്. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നു ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.
ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ വാക്കാൽ നിരീക്ഷിച്ചു. ഒരു കുടുംബത്തിനു പണം നൽകുമ്പോൾ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേതല്ലെ? മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകാം, പക്ഷേ അത് അർഹതപ്പെട്ടവർക്കല്ലേ നൽകേണ്ടതെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.
കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം പോകും. വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസ് ഭേദഗതി ബാധകമാകുന്നത്. ലോകായുക്ത നിയമത്തിലെ സെക്‌ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് വാദത്തിനിടെ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരം ഉണ്ടെന്ന് ലോകായുക്ത പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
മന്ത്രിസഭാ തീരുമാനത്തിൽ ഇടപെടില്ലെന്നും തീരുമാനം പുനഃപരിശോധിക്കാൻ അധികാരമില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയ അനുകൂല തീരുമാനമെന്നു പറയാൻ തെളിവു കണ്ടെത്തിയിട്ടില്ല. അതേസമയം, വിധിയിൽ അത്ഭുതമില്ലെന്നും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഹർജിക്കാരൻ ആർ.എസ്.ശശികുമാർ മാധ്യമങ്ങളോടു പറഞ്ഞു. ലോകായുക്ത മുട്ടിലിഴയുന്നുവെന്നും ശശികുമാർ പറഞ്ഞു.