നോട്ടിസ് വിവാദം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തിൽ പങ്കെടുക്കാതെ തിരുവിതാംകൂർ രാജകുടുംബം
Mail This Article
തിരുവനന്തപുരം∙ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക ദിനാഘോഷത്തിൽ തിരുവിതാംകൂർ രാജകുടുംബം പങ്കെടുത്തില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണ പുതുക്കലും ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമർപ്പണവും ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് നടക്കുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ഗൗരി പാർവതിബായി എന്നിവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. പരിപാടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയാറാക്കിയ നോട്ടിസിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. വിവാദത്തെ തുടർന്നു നോട്ടിസ് പിൻവലിച്ചിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തെയും അംഗങ്ങളെയും അതിരുവിട്ട് പുകഴ്ത്തുന്ന നോട്ടിസിനെതിരെയാണ് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നത്. ധന്യാത്മന്‍, പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് തിരുമനസുകൊണ്ട് തുല്യം ചാര്‍ത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം എന്നാണ് പറഞ്ഞിരിക്കുന്നത്. കവടിയാര്‍ കൊട്ടാരത്തിലെ ഗൗരിപാര്‍വതി ഭായിയെയും ഗൗരിലക്ഷമി ഭായിയേയും ‘ജനക്ഷേമകരങ്ങളായ അനേകം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികള്‍ക്ക് പാത്രീഭവിച്ച തിരുവിതാംകൂറിലെ രാജ്ഞിമാര്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തുടർന്നു ദേവസ്വം ബോർഡ് നോട്ടിസ് പിൻവലിച്ചിരുന്നു.
ക്ഷേത്രപ്രവേശന ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദ നോട്ടിസ് തയാറാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുരാവസ്തു വകുപ്പ് ഡയറക്ടർ ബി.മധുസൂദനൻ നായർക്ക് എതിരായ നടപടിയെപ്പറ്റി ദേവസ്വം ബോർഡ് യോഗം ഇന്നു ചർച്ച നടത്തും. ബോർഡ് സെക്രട്ടറി ഇതു സംബന്ധിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. നോട്ടിസിന്റെ ഉള്ളടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണനും വ്യക്തമാക്കി. മനസ്സിൽ നൂറ്റാണ്ടുകളായി അടിഞ്ഞു കൂടിയിരിക്കുന്ന ജാതി ചിന്ത ഒരു ദിവസം കൊണ്ടു പോകില്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ അനിഷ്ടമുണ്ട്. ഇതേ തുടർന്നാണു നടപടിയിലേക്കു ദേവസ്വം ബോർഡ് കടക്കുന്നത്. ദേവസ്വം ബോർഡിന്റെ നിലപാട് പ്രസിഡന്റ് കെ.അനന്തഗോപൻ ഇന്ന് അറിയിച്ചേക്കും.