‘പ്രതി സമൂഹത്തിനാകെ ഭീഷണി, ഒരു ദയയും അർഹിക്കുന്നില്ല’: അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇങ്ങനെ
Aluva Child Murder Case Verdict
Mail This Article
കൊച്ചി∙ ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷാവിധിയിൽ കടുത്ത പരാമർശങ്ങളുമായി കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ശിക്ഷ വിധിച്ച പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പറഞ്ഞു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതി സമൂഹത്തിനാകെ ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
13 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളോടു വിവരിച്ചു. വിധിയിൽ താൻ പൂർണതൃപ്തനാണെന്നും ഏറെക്കുറെ എല്ലാ കൃത്യങ്ങൾക്കും പരമാവധി ശിക്ഷ തന്നെ വിധിച്ചിട്ടുണ്ടും മോഹൻരാജ് പറഞ്ഞു.
ശിക്ഷ ഇങ്ങനെ:
∙ ഐപിസി 201 (തെളിവു നശിപ്പിക്കൽ)– അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ്
∙ 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ)– ഒരു വർഷം തടവ്
∙ 366 എ– 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ്
∙ 364– 10 വർഷം തടവും 25,000 രൂപ പിഴയും
∙ 367– 10 വർഷം തടവും 25,000 രൂപ പിഴയും
∙ 328– 10 വർഷം തടവും 25,000 രൂപ പിഴയും
∙ 376 2ജെ (അനുമതി നൽകാൻ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക), 377 (പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം), പോക്സോ ആക്ട് 5ഐ, 5എൽ, 5എം, എന്നീ അഞ്ച് വകുപ്പുകൾക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയെന്നും കോടതി പ്രത്യേകം എടുത്തു പറഞ്ഞു.
∙ 302 (കൊലക്കുറ്റം) – വധശിക്ഷ