‘ജനിക്കാനിരിക്കുന്ന പൊന്നോമനകൾക്ക് ഭീഷണി, ക്രൂരനായ കൊലയാളി’; അസ്ഫാക് ആലം എന്ന നരാധമന് തൂക്കുകയർ
Mail This Article
കുഞ്ഞിപ്പൂവായിരുന്നു അവൾ; അഞ്ചു വയസ്സിന്റെ ഓമനത്തമുള്ള പാവമൊരു കുരുന്ന്. കൗതുകക്കണ്ണുകളിലൂടെ കേരളത്തെ കണ്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ ആ അതിഥി ബാലിക. സ്വപ്നവും ജീവിതവും കശക്കിയെറിഞ്ഞ്, ദേഹം കൊത്തിപ്പറിച്ചൊരു നരാധമൻ ജീവനെടുക്കുമ്പോൾ ശ്വാസംപോലും കിട്ടാതെ അവൾ പിടഞ്ഞു. രാജ്യം ശിശുദിനം ആഘോഷിക്കുന്ന ഈ നവംബർ 14ന് അസ്ഫാക് ആലം എന്ന കൊടുംകുറ്റവാളിക്ക് കോടതി വധശിക്ഷ വിധിച്ചപ്പോൾ, അകാലത്തിൽ തല്ലിക്കൊഴിച്ചിട്ട ഒരുപാട് കുഞ്ഞിപ്പൂവുകൾ ആശ്വാസത്തോടെ നെടുവീർപ്പിടുന്നുണ്ടാകും. അപ്പോഴും, ശിശുക്കളുടെ ക്ഷേമവും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നതിൽ നമുക്ക് എത്രമാത്രം ശ്രദ്ധയുണ്ടെന്ന ചോദ്യം ഉത്തരമില്ലാത്ത നൊമ്പരമായി ബാക്കിയാകുന്നു.
കുഞ്ഞുങ്ങളെ വാത്സല്യത്തോടെ കണ്ടിരുന്ന പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഇന്ത്യ ശിശുദിനമായി ആചരിക്കുന്നത്. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്റെ പരിശുദ്ധിയുള്ളൂ, കുഞ്ഞുങ്ങളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ. ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണു രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും” എന്നു പറഞ്ഞ നെഹ്റുവിന്റെ വാക്കുകൾ ഒരു ദിവസത്തേക്കു മാത്രമുള്ളതല്ലെന്ന് ആലുവയിലെ പെൺകുഞ്ഞും നമ്മളെ ഓർമപ്പെടുത്തുന്നു. മലയാള വാക്കുകൾ കഷ്ടിച്ച് എഴുതിപ്പഠിച്ചു തുടങ്ങിയ ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതി അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
∙ ‘ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങൾക്കും ഭീഷണി’
തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസ്ഫാക് ആലത്തിന് എതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിരുന്നു. ശിക്ഷ സംബന്ധിച്ച വാദത്തിനിടയിൽ പ്രതിക്കു വധശിക്ഷ നൽകേണ്ടതിന്റെ ആവശ്യം പ്രോസിക്യൂഷൻ അക്കമിട്ടു നിരത്തി. രാജ്യത്തു കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾ പെരുകിയതോടെ പോക്സോ നിയമം ഭേദഗതി ചെയ്തു കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യം ചർച്ചയായ 2018ൽ, ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അസ്ഫാക് ആലം അതേ വർഷം ജനിച്ച മറ്റൊരു പെൺകുഞ്ഞിനെ 5 വർഷത്തിനു ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തി.
ഈ പ്രതി സമൂഹത്തിന്റെ ഭാഗമായി തുടരാൻ ഇടവരുന്നത് ഇനിയും ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങളുടെ ജീവനു പോലും ഭീഷണിയാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് വിചാരണക്കോടതിയിൽ ബോധിപ്പിച്ചു. 2018ലെ ഡൽഹി പോക്സോ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു മുങ്ങിയ പ്രതി കേരളത്തിലെത്തി കൂടുതൽ ഗൗരവമുള്ള കുറ്റം അതിനിഷ്ഠൂര സ്വഭാവത്തോടെ ആവർത്തിച്ചു. ഒരുതരത്തിലും മാനസാന്തരത്തിനു സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും മാത്രമല്ല അസ്ഫാക് ആലത്തിന്റെ ക്രൂരമായ കുറ്റകൃത്യം ആഴത്തിൽ ബാധിച്ചത്. ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കപ്പെടുന്ന അഞ്ചു വയസ്സു വരെയുള്ള കാലത്തു മാതാപിതാക്കൾ പെൺകുഞ്ഞുങ്ങളെ ഭീതിയോടെ വീടിനുള്ളിൽ അടച്ചുപൂട്ടി സൂക്ഷിക്കേണ്ട അവസ്ഥയ്ക്കാണു പ്രതി ചെയ്ത കുറ്റകൃത്യം കാരണമായത്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ കുട്ടിത്തം തിരികെ ലഭിക്കാൻ പ്രതിക്കു വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്കു മാനസാന്തരമുണ്ടാവാനുള്ള സാധ്യത ഒരു സ്വതന്ത്ര ഏജൻസിയുടെ പഠനത്തിനു വിധേയമാക്കണമെന്നും പ്രതിയുടെ പ്രായം 28 വയസ്സു മാത്രമാണെന്നതു ശിക്ഷ വിധിക്കുമ്പോൾ അനുഭാവപൂർവം പരിഗണിക്കണമെന്നും പ്രതിക്കു വേണ്ടി ഹാജരായ ലീഗൽ എയ്ഡ് അദീപ് എം.നെൽപുര അഭ്യർഥിച്ചു. പ്രതി അന്വേഷണ ഘട്ടത്തിൽ പൊലീസിനെയും വിചാരണഘട്ടത്തിൽ കോടതിയെയും തെറ്റിദ്ധരിപ്പിച്ചെന്നു വെളിപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയോടും തനിക്കു മലയാളം അറിയില്ലെന്നാണ് അസ്ഫാക് പറഞ്ഞിരുന്നത്. ദ്വിഭാഷിയുടെ സഹായത്തോടെയാണു പൊലീസ് പ്രതിയെ ചോദ്യം ചെയ്തിരുന്നതും. സാക്ഷി വിസ്താരത്തിനിടയിൽ പ്രതിക്കു വേണ്ടി മൊഴികൾ ഹിന്ദിയിൽ തർജമ ചെയ്യാൻ വനിതാ അഭിഭാഷക ബിനി എലിസബത്തിനെ കോടതി നിയോഗിച്ചിരുന്നു.
∙ ‘ലൈംഗികവൈകൃത വിഡിയോകൾ കാണുന്നത് ശീലം’
കേരളത്തെ നടുക്കുന്നതായിരുന്നു 5 വയസ്സുകാരിയുടെ കൊലപാതകം. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണു മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു പെൺകുട്ടി താമസിച്ചിരുന്നത്. 2 ദിവസം മുൻപ് ഇവിടെ താമസിക്കാനെത്തിയ പ്രതി പകൽ മൂന്നോടെയാണു കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് രാത്രി ഒൻപതിന് ആലുവ തോട്ടയ്ക്കാട്ടുകരയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു.
കുട്ടിയെ ആർക്കെങ്കിലും കൈമാറിയിരിക്കാമെന്ന നിഗമനത്തിൽ സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു. അസ്ഫാക്കിന്റെ 2 സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൊലീസിനു ലഭിച്ച ഫോൺ കോൾ വഴിത്തിരിവായി. കുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി അറിയിച്ചു. പകൽ 11.45നു മാർക്കറ്റ് പരിസരത്ത് പെരിയാറിന്റെ തീരത്തോടു ചേർന്നു മൃതദേഹവും കണ്ടെത്തി. കൊലപ്പെടുത്തിയതായി അതിനുശേഷമാണു പ്രതി സമ്മതിച്ചത്. കൂട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തായിക്കാട്ടുകര എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു പെൺകുട്ടി.
പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതാണെന്നു പൊലീസ് പറഞ്ഞു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകൾ കാണുന്ന ശീലം പ്രതിക്കുണ്ട്. മദ്യപിച്ചു റോഡിൽ കിടക്കുന്നതും ആളുകളുമായി തർക്കമുണ്ടാക്കുന്നതും പതിവായിരുന്നു. പ്രതി ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
∙ ‘ഞങ്ങളും മലയാളികളാണു ചേട്ടാ...’
ഒപ്പം ചിരിച്ചുംകളിച്ചും നടന്നിരുന്ന അനിയത്തി ഇനി തിരിച്ചുവരില്ലെന്ന് 7 വയസ്സുള്ള ചേച്ചിക്കറിയാം. പക്ഷേ, അവൾക്കു താഴെയുള്ള മറ്റു 2 പേർക്ക് ഒന്നുമറിയില്ല. ‘ഞങ്ങളും മലയാളികളാണു ചേട്ടാ...’ – കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ ചേച്ചിയുടെ വാക്കുകൾ കേട്ടുനിന്നവരുടെ നെഞ്ചിൽ കൊളുത്തിവലിച്ചു. 2 മുറികളും അടുക്കളയുമുള്ള ചെറിയൊരു വീട്ടിലായിരുന്നു ഇവരുടെ താമസം. മുറിയിൽ അവളുടെ പുസ്തകത്തിൽ ‘കുഞ്ഞിക്കോഴി’ എന്ന തലക്കെട്ടിനു താഴെ ഒരു കോഴിക്കുഞ്ഞിന്റെ ചിത്രം. കുട്ടികൾ അസ്സലായി മലയാളം സംസാരിക്കും; എഴുതും.
തായിക്കാട്ടുകര മുക്കത്ത് പ്ലാസയെന്ന കെട്ടിടത്തിലാണ് ബിഹാർ ഗോപാൽഗഞ്ച് ബിഷാംപർപുർ സ്വദേശികളായ കുടുംബം 4 വർഷമായി താമസിക്കുന്നത്. വേറെയും അതിഥിത്തൊഴിലാളി കുടുംബങ്ങൾ ഇവിടെയുണ്ട്. അച്ഛനു കെട്ടിടങ്ങളുടെ സീലിങ് ജോലിയാണ്; അമ്മയ്ക്ക് വീട്ടുജോലിയും. 4 മക്കളിൽ 2 പേർ സ്കൂളിലും 2 പേർ അങ്കണവാടിയിലും പോകുന്നു. വെള്ളിയാഴ്ച സ്കൂളിനും അങ്കണവാടിക്കും അവധിയായിരുന്നതിനാൽ അച്ഛനും അമ്മയും ജോലിക്കു പോയതോടെ 3 കുട്ടികൾ തനിച്ചായി. ഇളയ മകനെ അമ്മ കൂടെ കൊണ്ടുപോയിരുന്നു. അടുത്ത മുറികളിൽ താമസിക്കുന്നവരുമായെല്ലാം സൗഹൃദമായതിനാൽ കുട്ടികളെ ഒറ്റയ്ക്കു നിർത്തുന്നതിൽ ആശങ്കയുണ്ടായിരുന്നില്ല.
പക്ഷേ, തൊട്ടടുത്ത വീടിനുള്ളിൽ ദുരന്തം കാത്തിരിന്നിരുന്നു. ഇവരുടെ വീടിന്റെ തൊട്ടടുത്താണു പ്രതി അസ്ഫാക് താമസിച്ചിരുന്നത്. അയാൾ ഇവിടെയെത്തിയിട്ട് 2 ദിവസമേ ആയുള്ളൂ. ആരാണ്, എവിടെ നിന്നാണ് എന്നൊന്നും ആർക്കുമറിയില്ല. അയാളുടെ മുറിയിൽ ചുവന്ന ബക്കറ്റിൽ നിറയെ സിഗരറ്റ് കുറ്റികൾ. നിലത്തു വാരിവലിച്ചിട്ടിരിക്കുന്ന പച്ചക്കറികൾ. രാവിലെ വീട്ടിലേക്കു ചെല്ലുമ്പോൾ അച്ഛനും അമ്മയും പ്രതീക്ഷയിലായിരുന്നു – ‘അവൾ മടങ്ങി വരും’. പക്ഷേ, ഉച്ചയോടെ ആരും കേൾക്കാനാഗ്രഹിക്കാത്ത വാർത്ത അവർ അറിഞ്ഞു. മകൾ കൊല്ലപ്പെട്ട വിവരമറിഞ്ഞ് അമ്മ തളർന്നുവീണു.
കുഞ്ഞിന്റെ ഫോട്ടോയും വിവരങ്ങളും ഷെയർ ചെയ്ത് പ്രാർഥനയോടെ കാത്തിരുന്നവരും നിരാശയിലായി. രാത്രിയിൽത്തന്നെ പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും കുഞ്ഞിനെക്കുറിച്ച് എവിടെനിന്നെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. പക്ഷേ, എല്ലാം വിഫലമായി. കേരള പൊലീസ് തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു – ‘മകളേ മാപ്പ്’. അവളെ ജീവനോടെ മാതാപിതാക്കൾക്ക് അരികിലെത്തിക്കാനുള്ള ശ്രമം വിഫലമായെന്നും കുറിച്ചു. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായി. പ്രതിഷേധവുമായി യുവജന സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി.
ആലുവ മാർക്കറ്റിലെ ബയോ ഗ്യാസ് പ്ലാന്റിനു സമീപമെത്തി കുഞ്ഞിന്റെ മൃതദേഹം കാണുമ്പോൾ പിതാവ് നിർവികാരനായിരുന്നു. ‘തന്റെ കുഞ്ഞാവല്ലേ’യെന്ന് അദ്ദേഹം ഒരു നിമിഷമെങ്കിലും ചിന്തിച്ചു കാണണം. മാർക്കറ്റ് പരിസരത്തു കൂടി നിന്നവർ പോലും ആ കാഴ്ചകൾ കാണാൻ കഴിയാതെ കണ്ണുകളടച്ചു. കുഞ്ഞിന്റെ മൃതദേഹം തിരിച്ചറിഞ്ഞശേഷം ഒന്നും മിണ്ടാനാകാതെ അദ്ദേഹം മാർക്കറ്റിൽനിന്നു മടങ്ങി. മൃതദേഹം കണ്ടെടുത്തശേഷം പ്രതിയെ മാർക്കറ്റ് പരിസരത്തു തെളിവെടുപ്പിനായി കൊണ്ടുവന്നു. ജനം പൊട്ടിത്തെറിച്ചു. അവനെ പുറത്തിറക്കിയാൽ എങ്ങനെയാണു പ്രതികരിക്കുകയെന്നു പറയാനാകില്ലെന്ന് ആളുകൾ ഉറക്കെ വിളിച്ചു പറഞ്ഞതോടെ പൊലീസ് പ്രതിയെ പുറത്തിറക്കാതെ തിരിച്ചു പോയി.
∙ നിർണായകമായത് താജുദ്ദീനിന്റെ സംശയം
നഗരഹൃദയത്തിലെ കറുത്ത പൊട്ടാണ് 5 വയസ്സുകാരിയെ കൊന്നുതള്ളിയ ആലുവ മാർക്കറ്റ് പരിസരം. ഇതിനോടു ചേർന്നുള്ള സർവീസ് റോഡുകൾ, ബൈപാസ് മേൽപാലത്തിന്റെ അടിഭാഗം, മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പിൻഭാഗം, സമീപത്തെ പെരിയാർ കടവുകൾ എന്നിവിടങ്ങളെല്ലാം ലഹരി മാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും പിടിയിലമർന്നിട്ട് ഏറെക്കാലമായി. വാഹനങ്ങൾ വരുമ്പോൾ ഹോണടിച്ചാലും മാറാതെ റോഡിൽ കുത്തിയിരിക്കുന്ന ഒട്ടേറെപ്പേരെ വൈകുന്നേരങ്ങളിൽ ഇവിടെ കാണാമെന്നു സമീപവാസികൾ പറയുന്നു.
ബസ് കാത്തുനിൽക്കുന്നവർ പോലും ആക്രമണത്തിന് ഇരയായ അനുഭവങ്ങളുണ്ടെന്നു വാർഡ് കൗൺസിലറും നഗരസഭ ഉപാധ്യക്ഷയുമായ സൈജി ജോളി മൂത്തേടൻ ചൂണ്ടിക്കാട്ടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളരോടു പലവട്ടം പരാതിപ്പെട്ടെങ്കിലും അന്വേഷിക്കാനോ പട്രോളിങ് ഏർപ്പെടുത്താനോ തയാറായിട്ടില്ല. മാർക്കറ്റ് കെട്ടിടം 9 വർഷമായി പൊളിച്ചിട്ടിരിക്കുകയാണ്. പരിസരത്തെല്ലാം കാടു വളർന്നു മൂടിയിരിക്കുന്നു. മാലിന്യം തള്ളാനല്ലാതെ ആരും പോകാത്ത സ്ഥലത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബിഹാർ പെൺകുട്ടിയുടെ കൊലപാതകത്തിൽ മൃതദേഹം കണ്ടെത്താൻ നിർണായകമായത് ആലുവ മാർക്കറ്റിലെ സിഐടിയു പൂൾ ലീഡറായ വി.എ.താജുദ്ദീനിന്റെ മൊഴിയാണ്.
‘‘മൂന്നു മണിയായി കാണും. ഞാൻ അവിടെ കസേരയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണു കുഞ്ഞും ഇയാളും കൂടി വരുന്നത്. എനിക്ക് സംശയം തോന്നി. കുട്ടിയേതാണെന്നു ഞാൻ ചോദിച്ചു. അവന്റെ കുട്ടിയാണെന്നു മറുപടി പറഞ്ഞു. പിന്നീട് ഞാൻ അവിടെ കടയുടെ ഭാഗത്തുനിന്നു സംസാരിക്കുമ്പോൾ രണ്ടു മൂന്നു പേർ കൂടി അതുവഴി പോകുന്നതു കണ്ടു. പിറ്റേന്നു രാവിലെ പത്രം നോക്കിയപ്പോഴാണു കമ്പനിപ്പടിയിൽനിന്നു കുഞ്ഞിനെ കാണാതായെന്നുള്ള വാർത്ത കണ്ടത്. കുഞ്ഞുമായി റോഡ് ക്രോസ് ചെയ്തു പോകുന്ന പടം കണ്ടപ്പോൾ സംശയം തോന്നി. അങ്ങനെയാണു സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. അപ്പോൾ തന്നെ പൊലീസെത്തി ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.’’– സംഭവത്തെപ്പറ്റി താജുദ്ദീന്റെ വാക്കുകൾ.
∙ ‘മോഷണവും മദ്യപാനവും അസ്ഫാക്കിന്റെ ശീലം’
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി പുഴയോരത്തു തള്ളിയത് അസ്ഫാക് ഒറ്റയ്ക്കാണെന്ന നിഗമനത്തിലാണു പൊലീസ്. കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായി. കേരളത്തിൽ വന്നിട്ട് 3 കൊല്ലമായിരുന്നു. മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കും.
അസഫാക് ആലമിന് മദ്യപാനവും മോഷണവും ശീലമായിരുന്നെന്നു നാട്ടുകാർ പറയുന്നു. പലപ്പോഴും മദ്യപിച്ച് റോഡരികിൽ ഇയാൾ കിടക്കാറുണ്ടായിരുന്നു. ആലുവ മുട്ടത്താണു നേരത്തേ താമസിച്ചിരുന്നത്. അവിടെനിന്നു കുഞ്ഞുണ്ണിക്കരയിൽ താമസിക്കാൻ സ്ഥലമന്വേഷിച്ച് എത്തി. അവിടെ അടച്ചിട്ടിരുന്ന മുറിയുടെ പൂട്ട് തല്ലിപ്പൊളിച്ച് അതിഥിത്തൊഴിലാളിയുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. തുടർന്ന് ഫോണിന്റെ ഉടമ മുട്ടത്തുള്ള താമസ സ്ഥലത്തെത്തി ഇയാളെ പിടികൂടി മൊബൈൽ ഫോൺ തിരികെവാങ്ങി. ഫോൺ തിരികെ കിട്ടിയതിനാൽ പൊലീസിൽ പരാതി നൽകിയില്ല.
ആലുവ മാർക്കറ്റ് ബസ് സ്റ്റോപ്പിലെ തട്ടുകടയിൽ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളിയുമായി ഇയാൾ പരിചയത്തിലായിരുന്നു. അയാളുടെ താമസ സ്ഥലത്തെത്തി 3000 രൂപ മോഷ്ടിച്ചു. അതിലും പരാതിയുണ്ടായില്ല. കൊലപാതകത്തിനു നാലു ദിവസം മുൻപും മദ്യ ലഹരിയിൽ മാർക്കറ്റ് റോഡിലൂടെ ഇയാൾ നടക്കുന്നതു സമീപത്തെ തട്ടുകടയുടമ കണ്ടിരുന്നു. മാർക്കറ്റും പരിസര പ്രദേശങ്ങളും ഇയാൾക്ക് നല്ല പരിചയമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. മാർക്കറ്റിനു സമീപമുള്ള കോഴിക്കടയിലെ തൊഴിലാളിയുമായും പരിചയമുണ്ട്. ഇവിടെനിന്നു 10–15 മീറ്റർ ദൂരത്താണു കുഞ്ഞിന്റെ മൃതദേഹം കിടന്നിരുന്നത്.
തായിക്കാട്ടുകര മുക്കത്ത് പ്ലാസയിൽ ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതു മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആക്ഷേപമുണ്ട്. അസഫാക് ആലമിനെ അറസ്റ്റ് ചെയ്തപ്പോൾ വിവരങ്ങൾ ലഭിക്കാൻ ഉടമയെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഒന്നും ലഭിച്ചില്ല. ഒരു കോഴിക്കടക്കാരന്റെ ശുപാർശയിലാണ് അവിടെ എത്തിയതെന്ന വിവരം മാത്രമേ ലഭിച്ചുള്ളൂ. വിലാസമോ രേഖകളോ ഇല്ലാത്ത അറുപതിലേറെ ഇതര സംസ്ഥാനത്തൊഴിലാളി കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നതായി അയൽവാസികൾ ആരോപിച്ചു. മുക്കത്ത് പ്ലാസയിൽ മാത്രമല്ല, മേഖലയിൽ വേറെ ഒട്ടേറെ കെട്ടിടങ്ങളിലും ഷെഡുകളിലും മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്നുണ്ട്.
∙ ജൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞു, പ്രാണനെടുത്തു
2023 ജൂലൈ 28 വെള്ളി ഉച്ചയ്ക്ക് 2.50: മുക്കത്ത് പ്ലാസയിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസഫാക് ആലം പെൺകുട്ടിയുടെ വീട്ടിലെ മുറിയിലെത്തി. രണ്ടാമത്തെ കുട്ടിയെ (5) ജൂസ് വാങ്ങിനൽകാമെന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി.
2.57: ഗാരിജ് റെയിൽവേ ഗേറ്റ് കുറുകെ കടന്ന് എറണാകുളം – തൃശൂർ ദേശീയപാതയിലെത്തി അങ്കമാലി ഭാഗത്തേക്കുള്ള ബസ് കയറാനായി നിൽക്കുന്നു.
3.00: അങ്കമാലി ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയി.
3.15: ആലുവ ബൈപാസ് മേൽപാലത്തിന്റെ താഴെ മാർക്കറ്റ് സ്റ്റോപ്പിൽ കുട്ടിയുമായി ആലം ബസ് ഇറങ്ങി. തുടർന്ന് റോഡിന്റെ പടിഞ്ഞാറു വശത്തുള്ള ആലുവ ജനറൽ മാർക്കറ്റിലേക്കു നടന്നു.
3.30: കുഞ്ഞുമായി അസഫാക് ആലം മാർക്കറ്റിലൂടെ നടന്നുപോകുന്നതു സിഐടിയു പൂൾ ലീഡർ വി.എ.താജുദ്ദീൻ കാണുന്നു. കുട്ടിയേതാണെന്നു ചോദിച്ചപ്പോൾ ‘എന്റെ മകളാണ്’ എന്ന് മറുപടി.
3.35: ആലം കുഞ്ഞുമായി മാർക്കറ്റിൽ പെരിയാർ തീരത്തോടു ചേർന്നുള്ള ബയോഗ്യാസ് പ്ലാന്റിന്റെ ഭാഗത്തേക്കു പോയി.
4.00: അവിടെനിന്ന് അസഫാക് ആലം ഒറ്റയ്ക്കു തിരിച്ചുവരുന്നതും താജുദ്ദീൻ കണ്ടു.
5.00: മാതാപിതാക്കൾ ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ല.
6.00: സമീപത്തെ മുറികളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ അറിയിച്ചു. ഇതേ സമയത്ത് മാർക്കറ്റിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ ആളുകളുമായി ആലം വാക്കുതർക്കത്തിലേർപ്പെട്ടു.
6.30: പൊലീസെത്തി ഗാരിജ് റെയിൽവേ ഗേറ്റിനു സമീപമുള്ള മൊബൈൽ റിപ്പയറിങ് കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അസഫാക് ആലം കുഞ്ഞുമായി പോകുന്നതു ദൃശ്യങ്ങളിൽ വ്യക്തം.
രാത്രി 9.00: തോട്ടയ്ക്കാട്ടുകര ജംക്‌ഷനിൽ അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന ആലത്തിന്റെ കൂടെ കുഞ്ഞ് ഉണ്ടായിരുന്നില്ല. കുഞ്ഞിനെ താൻ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നായിരുന്നു നിലപാട്.
∙ 9.30: ആലത്തെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംെചയ്യൽ ആരംഭിച്ചു. രാത്രി മുഴുവൻ ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്.
പിന്നീടാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും പ്രതി കുറ്റം സമ്മതിച്ചതും. ആലുവയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ല. പീഡനശ്രമത്തിനിടെയാണു കുട്ടി കൊല്ലപ്പെട്ടത്. നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം ഊരി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു മരണം ഉറപ്പാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
∙ അവനെ തൂക്കിലേറ്റണമെന്ന് കുഞ്ഞിന്റെ അമ്മ
അസ്ഫാക്കിനെ താമസസ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചപ്പോൾ, കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ നിയന്ത്രണം കൈവിട്ടു. ‘ഞാനവനെ കൊല്ലും’. കയ്യിൽ ഇരുമ്പു പൈപ്പുമായി ഹിന്ദിയിൽ അലറി നിലവിളിച്ച് അവർ പ്രതിയുടെ നേർക്കു പാഞ്ഞടുത്തതു പെട്ടെന്നാണ്. പൊലീസുകാരും ഭർത്താവും ചേർന്നു തടഞ്ഞിട്ടും നിൽക്കാതെ കുതറിയോടാൻ ശ്രമിച്ച അവരെ കീഴ്പെടുത്തി തിരികെ വീട്ടിലെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. വീണ്ടും കസേരയെടുത്ത് അടിക്കാനൊരുങ്ങിയപ്പോൾ മനസ്സ് ശാന്തമാകാൻ കുറച്ചു നേരത്തേക്കു മുറിയിൽ നിർബന്ധിച്ച് ഇരുത്തി. തെളിവെടുപ്പിന് എത്തിച്ച സ്ഥലത്തൊക്കെ ജനങ്ങൾ തടിച്ചുകൂടി. ‘അവനെ ഞങ്ങൾക്കു വിട്ടു തരൂ’ എന്ന് അവർ പൊലീസിനോടു വിളിച്ചുപറഞ്ഞു.
‘എന്റെ കുഞ്ഞിനെ കൊന്നവനെ തൂക്കിലേറ്റണം’– ആശുപത്രിയിൽ ആശ്വസിപ്പിക്കാനെത്തിയ ജനപ്രതിനിധികളുടെ മുന്നിൽ ആ അമ്മ അലറിക്കരഞ്ഞു. അതിദാരുണമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ സംസ്കാര ചടങ്ങിൽ പ്രതിനിധിയെ അയയ്ക്കാതെ സർക്കാർ അനാദരവു കാട്ടിയെന്ന് അൻവർ സാദത്ത് എംഎൽഎ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിനു നേതൃത്വം നൽകുന്ന കലക്ടറും അഡീഷനൽ ജില്ലാ മജിസ്ട്രേട്ടും തൊട്ടടുത്തുണ്ടായിട്ടും സംസ്കാര ചടങ്ങിൽ നിന്നു വിട്ടു നിന്നു. അടിയന്തര സഹായം എത്തിച്ചില്ലെന്നും എംഎൽഎ പറഞ്ഞു.
ആലുവയിൽ കൊല്ലപ്പെട്ട ബാലികയുടെ സംസ്കാരച്ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കാതിരുന്നതിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു രംഗത്തെത്തി. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണം എന്നില്ലല്ലോ എന്നും അതിനുള്ള സമയം കിട്ടിയിരുന്നില്ലെന്നുമാണു മന്ത്രി പറഞ്ഞത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവോ, കലക്ടറോ ബാലികയുടെ സംസ്കാരച്ചടങ്ങിന് എത്താതായതു വിവാദമായതോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ആലുവയിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ നീചമാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതികരിച്ചു.
അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗവും തീരുമാനിച്ചു.
∙ പഴച്ചാറിൽ മദ്യം, പ്രകൃതിവിരുദ്ധ പീഡനം
അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ച ശേഷമാണെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. പ്രതിയുടെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
റെക്കോർഡ് വേഗത്തിലാണു ആലുവ റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ സമർപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തി. ജൂലൈ 28നാണു അസ്ഫാക് ആലം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കാണാതായ അന്നു രാത്രി 9നു തന്നെ അസ്ഫാക്കിനെ പിടികൂടിയതും 15 ദിവസത്തിനുള്ളിൽ 99 സാക്ഷികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയതുമാണ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായത്.
കാണാതായ കുഞ്ഞിനു വേണ്ടി പുഴയോരത്തു തിരച്ചിൽ നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത് ഒരു ബസ് കണ്ടക്ടറിൽനിന്നു ലഭിച്ച സൂചനയാണ്. വയനാട് സ്വദേശിയായ ബസ് കണ്ടക്ടറാണ് പ്രതി കുഞ്ഞുമായി മാർക്കറ്റ് സ്റ്റോപ്പിൽ ഇറങ്ങിയ വിവരം ആദ്യം പൊലീസിനെ അറിയിച്ചത്. ഈ കണ്ടക്ടറും ബസിലെ യാത്രക്കാരിയും സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞു. തന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാൻ അസ്ഫാക് ആലം പൊലീസിനോട് ആവശ്യപ്പെട്ടതോടെയാണ് ഇയാൾ മുൻപും കേസുകളിൽ പെട്ടിട്ടുണ്ടെന്നും നിയമനടപടികളെ കുറിച്ചു ധാരണയുണ്ടെന്നും പൊലീസിനു ബോധ്യമായത്. വിരലടയാളം എടുത്തു നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയിൽ പരിശോധിച്ചപ്പോഴാണു 2018ൽ യുപി ഗാസിപുരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണെന്നു വ്യക്തമായി.
അസ്ക്കിനെ ആലുവ മാർക്കറ്റിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ കുഞ്ഞ് ധരിച്ചിരുന്ന ബനിയന്റെ ഭാഗവും 2 ചെരുപ്പുകളും കണ്ടെടുത്തു. പുഴയോരത്തു കരിങ്കൽ ഭിത്തിക്കുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇവ. ബനിയൻ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണു പ്രതി കുഞ്ഞിനെ കൊന്നത്. കൊല നടത്തിയ രീതിയും ചാക്ക് ഉപയോഗിച്ചു മൃതദേഹം മൂടി മുകളിൽ കല്ലുകൾ കയറ്റിവച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രതി അന്വേഷണ സംഘത്തിനു മുൻപിൽ വിശദീകരിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ടു പൊലീസിന്റെ എട്ടംഗ സംഘം ബിഹാറിലേക്കും ഡൽഹിയിലേക്കും പോയിരുന്നു. പ്രതി ഗുരുതരസ്വഭാവമുള്ള 16 കുറ്റകൃത്യങ്ങൾ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തി.
ആലുവയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന പരാതിക്കിടെ പൊലീസിനു പൂച്ചെണ്ടായി വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ. 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും പൊലീസ് ആരോപിച്ച 16 കുറ്റകൃത്യങ്ങളും കോടതി അംഗീകരിക്കുകയും ചെയ്തു. 33 ദിവസം കൊണ്ട് 645 പേജുള്ള കുറ്റപത്രം തയാറാക്കി സമർപ്പിച്ചിരുന്നു. എസ്പി വിവേക് കുമാർ, ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർമാരായ എം.എം.മഞ്ജു ദാസ്, ബേസിൽ തോമസ്, എസ്ഐമാരായ എസ്.എസ്.ശ്രീലാൽ, പി.ടി.ലിജിമോൾ, എം.അനീഷ്, ടി.വിപിൻ, എസ്.ശിവപ്രസാദ്, സന്തോഷ്, പ്രസാദ്, ജി.എസ്.അരുൺ, രാജീവ്, ബഷീർ, നൗഷാദ്, ഇബ്രാഹിംകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
∙ 7 വർഷം, കൊല്ലപ്പെട്ടത് 214 കുരുന്നുകൾ
7 വർഷത്തിനുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 214 കുട്ടികളാണെന്നതു കേരളം കുറ്റബോധത്തോടെ കേൾക്കേണ്ട കണക്കാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും വൻ വർധനയെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. 2016 മുതൽ 2023 മേയ് വരെ കുട്ടികൾക്കെതിരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 31,364 ആണ്. ഇക്കാലയളവിൽ 9,604 കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സംസ്ഥാനത്തു റജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ കൊലപാതകക്കേസുകളിൽ 159 ഇതരസംസ്ഥാനത്തൊഴിലാളികൾ പ്രതികളായിട്ടുണ്ടെന്ന കണക്കും ഞെട്ടിക്കുന്നതാണ്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെയെത്തുന്ന തൊഴിലാളികളെക്കുറിച്ചു തൊഴിൽ വകുപ്പിന്റെ പക്കൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നതാണു വാസ്തവം. 2021ലെ ആസൂത്രണ ബോർഡിന്റെ കണക്കിൽ പറയുന്നത് കേരളത്തിൽ 34 ലക്ഷം ഇതരസംസ്ഥാനത്തൊഴിലാളികളുണ്ടെന്നാണ്. കോവിഡിനു ശേഷം കണക്കെടുപ്പു നടന്നിട്ടില്ല. 2016ൽ പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നു പൊലീസ് സ്റ്റേഷനുകൾ മുഖേന തുടങ്ങിയ സമഗ്ര വിവരശേഖരണം മുന്നോട്ടുപോയിട്ടുമില്ല. ഇതര സംസ്ഥാനക്കാരായ ക്രിമിനലുകളുടെ കണക്കോ വിലാസമോ ചിത്രമോ പൊലീസിന്റെ കയ്യിൽ കാര്യമായി ഇല്ലെന്നതു സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.
കൊടുംക്രൂരതയുടെ അങ്ങേയറ്റംവരെ അനുഭവിച്ച്, ജീവൻ വെടിയേണ്ടിവന്ന ആ പാവം കുഞ്ഞിനു നാം നൽകേണ്ട പ്രായശ്ചിത്തം, ഇങ്ങനെയൊരു സംഭവം ഇനിയൊരിക്കലും ഇവിടെ നടക്കില്ലെന്ന് ആത്മാർഥതയോടെ വാക്കുകൊടുക്കുക എന്നതാണ്. ആലുവയിലെ ആ പെൺകുരുന്നിന്റെ പിടച്ചിൽ ഇത്തരത്തിലുള്ള കൊടുംക്രൂരതയുടെ അവസാനത്തേതാകട്ടെ എന്ന പ്രാർഥനയിലും ആഗ്രഹത്തിലുമാണു മലയാളികൾ.