ADVERTISEMENT

ന്യൂഡൽഹി ∙ ധനികരായ കുറ്റവാളികൾക്കു ജയിലിൽ സുഖജീവിതം ഒരുക്കാമെന്നു വാഗ്ദാനം ചെയ്ത് അവരിൽ നിന്നു കോടികൾ വാങ്ങിയ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ കേസെടുക്കാൻ അനുമതി തേടി സിബിഐ ലഫ്.ഗവർണർ വി.കെ.സക്സേനയ്ക്കു കത്ത് നൽകി. 

വിവാദ ഇടനിലക്കാരൻ സുകാഷ് ചന്ദ്രശേഖറിൽ നിന്നും ജെയിൻ പണം വാങ്ങിയിട്ടുണ്ടെന്നും സിബിഐ ആരോപിക്കുന്നു. ‍ഡൽഹിയിലെ ജയിലുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു സത്യേന്ദർ ജെയിൻ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലായ ജെയിൻ മന്ത്രിപദവി ഒഴിയുകയായിരുന്നു.

കൂടാതെ ഡൽഹിയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ധനികരിൽ നിന്നു ഇതേ വാഗ്ദാനം നൽകി കോടികൾ കൈപ്പറ്റിയെന്നും സിബിഐ പറയുന്നു. സിബിഐയുടെ കത്ത് ലഫ്.ഗവർണർക്കു ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചു. സത്യേന്ദറിനു പുറമേ മുൻ ജയിൽ സൂപ്രണ്ട് രാജ്കുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സിബിഐ ലഫ്.ഗവർണറുടെ അനുമതി തേടി. 

 ജയിലിൽ സുരക്ഷിതവും സുഖകരവുമായ ജീവിതം വാഗ്ദാനം ചെയ്ത് സുകാഷിൽ നിന്ന സത്യേന്ദർ ജെയിൻ 10 കോടിയിലേറെ രൂപ വാങ്ങിയെന്നാണ് സിബിഐ പറയുന്നത്. ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ, അഡീഷനൽ ജയിൽ ഐജി മുകേഷ് പ്രസാദ് എന്നിവരും കൂടി ചേർന്നാണ് വൻ റാക്കറ്റ് നടത്തുന്നത്.

ഇവർ ഇരുവരും സുകാഷിൽ നിന്നു 12.50 കോടിയിലേറെ രൂപ കൈപ്പറ്റിയെന്നു സിബിഐ പറയുന്നു. തിഹാറിലെ 4–ാം നമ്പർ സെൻട്രൽ ജയിലിലെ സൂപ്രണ്ടായിരുന്ന രാജ്കുമാർ വഴിയാണ് സുകാഷ് സന്ദീപ് ഗോയലിനു കോടികൾ കൈമാറിയതെന്നും സിബിഐ പറഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

2022 ഒക്ടോബറിൽ സത്യേന്ദർ ജെയിൻ തിഹാർ ജയിലിൽ ആഡംബര ജീവിതം നയിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. മസാജും വീട്ടിൽ നിന്നുള്ള ഭക്ഷണവും ഉൾപ്പെടെ ജയിൽ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ജെയിനിന്റെ സുഖജീവിതം എന്നായിരുന്നു ഇ.ഡിയുടെ ആരോപണം.

English Summary:

CBI seeks L-G's sanction to proceed against Satyendar Jain in 'extortion' matter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com