‘തലയോ മുഖമോ മറയ്ക്കരുത്, തൊപ്പിയരുത്, മംഗല്യസൂത്രം ധരിക്കാം’: പരീക്ഷാഹാളിൽ നിബന്ധനകളുമായി കർണാടക
Mail This Article
ബെംഗളൂരു ∙ സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരീക്ഷകളിൽ ക്രമക്കേട് വ്യാപകമായതോടെ, ഇതു നിയന്ത്രിക്കാൻ പരീക്ഷാഹാളിൽ ഉദ്യോഗാർഥികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ).
വിവിധ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമായി 18നും 19നുമായി നടക്കുന്ന നിയമന പരീക്ഷ എഴുതുന്നവർ പരീക്ഷാ ഹാളിൽ തലയോ മുഖമോ മറയ്ക്കുന്ന വിധത്തിൽ ഷാളുകളോ തൊപ്പിയോ പോലുള്ളവ ധരിക്കാൻ പാടില്ലെന്നു കെഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.രമ്യ ഉത്തരവിറക്കി. ഒക്ടോബർ 28ന് കെഇഎ സംഘടിപ്പിച്ച ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് (എഫ്ഡിഎ) നിയമന പരീക്ഷയിൽ ഉദ്യോഗാർഥികൾ ബ്ലൂടൂത്ത് ഉപയോഗിച്ച് വ്യാപകമായി കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്നുള്ള കേസ് പൊലീസ് സിഐഡി അന്വേഷിക്കുകയാണ്.
അതേസമയം, ഹിജാബ് നിരോധനം സംബന്ധിച്ച നിലപാടില്‍ കർണാടകയിലെ കോൺഗ്രസ് സർക്കാർ മലക്കംമറിഞ്ഞതായി ആരോപണമുയർന്നു. പരീക്ഷാഹാളില്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കുന്ന വസ്ത്രനിബന്ധനകളിൽ ഹിജാബും ഉൾപ്പെടുന്നതാണു കാരണം. ഹിജാബ് വിലക്കില്ലെന്ന മുന്‍ നിലപാടിനു വിരുദ്ധമാണിത്. ഒക്ടോബറിൽ സർക്കാർ നടത്തിയ മത്സര പരീക്ഷകളിൽ ഹിജാബ് അനുവദിച്ചിരുന്നു. നേരത്തെ, ചിലർ എതിർപ്പറിയിച്ചിരുന്നെങ്കിലും പുതിയ നിബന്ധനയിൽ പരീക്ഷാഹാളുകളിൽ മംഗല്യസൂത്രം ധരിക്കാൻ അനുവാദമുണ്ട്.