യുവ എഴുത്തുകാരിക്കെതിരെയുള്ള പരാതി തിരിച്ചടിച്ചു: പണം തട്ടിയെന്ന കേസില് ഒഡീഷ നടി അറസ്റ്റിൽ
Mail This Article
ഭുവനേശ്വർ∙ വനിതാ എഴുത്തുകാരിയോട് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഒഡീഷ നടി മൗസുമി നായക്(37) അറസ്റ്റിൽ. യുവ എഴുത്തുകാരി ബനാസ്മിത പാട്ടിയുടെ പക്കൽനിന്ന് പണം കവർന്നെന്നും അവരെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ നോക്കിയെന്നും ആരോപിച്ചാണ് അറസ്റ്റ്. ബനാസ്മതിയ്ക്കെതിരെ മൗസുമി കൊടുത്ത പരാതിയാണ് നടിയ്ക്കു തന്നെ തിരിച്ചടിയായത് എന്നതാണ് കഥയിലെ ട്വിസ്റ്റ്.
സ്റ്റോക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ ബനാസ്മിത തന്നെ കരുവാക്കിയെന്നാണ് ഭുവനേശ്വറിലെ ഇൻഫോസിറ്റി പൊലീസ് സ്റ്റേഷനിൽ നടി ആദ്യം നൽകിയ പരാതി. എന്നാൽ ബനാസ്മിത നടിയ്ക്ക് പണം തിരിച്ചു നൽകിക്കൊണ്ടിരുന്നെന്നാണ് വിവരം. തുടർന്ന് പണം തിരികെ നൽകാമെന്ന യുവ എഴുത്തുകാരിയുടെ ഉറപ്പിന്മേൽ മൗസിക കുറച്ചു ദിവസങ്ങൾക്കു ശേഷം പരാതി പിൻവലിച്ചു. എന്നാൽ പിന്നീട് ഈ വർഷം സെപ്റ്റംബറിൽ മൗസുമി വീണ്ടും ഒരു പരാതിയുമായി ചന്ദക പൊലീസ് സ്റ്റേഷനെ സമീപിച്ചു. ബനസ്മതി അവരുടെ അംഗരക്ഷകയായി ചേരണമെന്ന് ആവശ്യപ്പെട്ട് നിരന്തരം നിർബന്ധിക്കുന്നു എന്നായിരുന്നു പുതിയ പരാതി. തന്റെ പണം തിരികെ ചോദിച്ചപ്പോൾ ബനസ്മിത ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
എന്നാൽ മൗസികയുടെ ആരോപണങ്ങൾക്കെിരെ എഴുത്തുകാരി ഹൈക്കോടതിയെ സമീപിച്ചതോടെ കളി മാറി. തനിക്കെതിരെ കുപ്രചരണം നടത്തി സമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ബനസ്മിത കോടതിയെ സമീപിച്ചത്. തന്നിൽനിന്ന് പണം തട്ടിയെടുക്കാനുള്ള അടവാണെന്നും ബനസ്മിത പരാതിയിൽ ആരോപിച്ചു. തുടർന്ന് നടിക്കെതിരെ ഇൻഫോസിറ്റി പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഐപിസി സെക്ഷൻ 385, 294,, 506,507 വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒഡിയ, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തയായ നടിയാണ് മൗസിക നായക്. ചുംക, റോക്കി ഓർ റാണി കി പ്രേം കഹാനി എന്നീ ബോളീവുഡ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.