പ്രവീൺ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടും; നീക്കം ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെ
Mail This Article
തൃശൂർ ∙ 100 കോടിയിലേറെ രൂപയുടെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീൺ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. മറ്റു പ്രതികളുടെ സ്വത്തും ബഡ്‌സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്) നിയമപ്രകാരം കണ്ടുകെട്ടാന്‍ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസില്‍ ഇരുന്നൂറിലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്. 9 മാസം ജയിലിലായിരുന്ന പ്രവീൺ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിനു പിന്നാലെയാണു നീക്കം.
സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി വഴി 48% പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് അരിമ്പൂർ വെളുത്തൂർ കെ.പി.പ്രവീൺ (37) എന്ന പ്രവീൺ റാണയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. റാണയുടെ പേരിൽ റജിസ്റ്റർ ചെയ്ത കേസുകൾ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളിൽ നൂറിലേറെ പരാതികളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ‘കോടീശ്വരൻ’ എന്ന പ്രതിഛായ സൃഷ്ടിക്കാൻ വിവിധ രംഗങ്ങളിൽ പ്രവീൺ റാണ ആരംഭിച്ചതു 11 കമ്പനികളാണെന്നു പൊലീസ് പറയുന്നു. ഇവയിൽ മിക്കതും പൊട്ടി. ചിട്ടിക്കമ്പനിയിലൂടെ ജനങ്ങളിൽനിന്നു തട്ടിയെടുത്ത പണമായിരുന്നു മിക്ക സ്ഥാപനങ്ങളുടെയും മൂലധനം.
രാഷ്ട്രീയനേതാക്കൾക്കടക്കം ഈ സ്ഥാപനങ്ങളിൽ കള്ളപ്പണ നിക്ഷേപമുണ്ടായിരുന്നു. സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽറ്റന്റ്സ് ആണു പ്രധാന സ്ഥാപനം. സേഫ് ആൻഡ് സ്ട്രോങ് ടൂർസ് ആൻഡ് ട്രാവൽസ്, സേഫ് ആൻഡ് സ്ട്രോങ് പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ്, സേഫ് ആൻഡ് സ്ട്രോങ് എൻജിനീയേഴ്സ് ആൻഡ് ഡവലപ്പേഴ്സ്, സേഫ് ആൻഡ് സ്ട്രോങ് ഐടി സൊലൂഷൻസ്, ഐആം വെൽനസ് ഗ്രൂപ്പ്, സേഫ് ആൻഡ് സ്ട്രോങ് ടിവി, സേഫ് ആൻഡ് സ്ട്രോങ് അക്കാദമി, സേഫ് ആൻഡ് സ്ട്രോങ് കൈപ്പുള്ളീസ്, സേഫ് ആൻഡ് സ്ട്രോങ് മാർക്കറ്റിങ് ബിസിനസ് എന്നിവയായിരുന്നു മറ്റു സ്ഥാപനങ്ങൾ.