നഷ്ടപരിഹാരത്തുകയിൽനിന്ന് 1.20 ലക്ഷം രൂപ തട്ടി; മഹിളാ കോൺഗ്രസ് നേതാവിനും ഭർത്താവിനുമെതിരെ ആലുവ പെൺകുട്ടിയുടെ കുടുംബം
Mail This Article
കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്തെന്ന് ആരോപണം. സർക്കാർ നൽകിയ 1.20 ലക്ഷം രൂപയാണ് മഹിള കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്. നേതാവിനും ഭർത്താവിനുമെതിരെ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. പല ആവശ്യങ്ങൾ പറഞ്ഞ് ഇവർ 1,20,000 രൂപ തട്ടിയെടുത്തെന്നും സംഭവം വിവാദമായപ്പോൾ 70,000 രൂപ തിരികെ നൽകിയെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. ബാക്കി തുക ഡിസംബർ 20നകം കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
പെൺകുട്ടിയുടെ കുടുബം വളരെ മോശം സാഹചര്യത്തിലാണ് താമസിച്ചിരുന്നത്. അവിടെനിന്ന് അൻവർ സാദത്ത് എംഎൽഎ ഇടപെട്ടാണ് അവരെ വാടകവീട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. ആരോപണ വിധേയനായ വ്യക്തിയോട് തൽക്കാലം അഡ്വാൻസ് തുക നൽകാനും പിന്നീട് താൻ അത് തരാമെന്നുമാണ് എംഎൽഎ പറഞ്ഞത്. എന്നാൽ ആരോപണവിധേയൻ പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയും അവരിൽനിന്ന് 20,000 രൂപ അഡ്വാൻസ് നൽകാൻ വേണമെന്ന് പറഞ്ഞ് വാങ്ങിച്ചു.
പിന്നീട് എംഎൽഎ ഈ തുക ആരോപണവിധേയനു നൽകിയെങ്കിലും അതു തിരികെ പെൺകുട്ടിയുടെ വീട്ടുകാർക്കു ലഭിച്ചില്ല. പിന്നീട് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനെന്നു പറഞ്ഞ് ആവശ്യപ്പെട്ടിട്ടു തുടർച്ചയായി ആറു ദിവസം ഇവർ 20,000 രൂപവീതം ആരോപണവിധേയനു നൽകി. പറ്റിക്കപ്പെടുകയാണെന്നു പെൺകുട്ടിയുടെ അച്ഛന് മനസ്സിലായപ്പോൾ അയാൾ എംഎൽഎയെ സമീപിച്ചു. എംഎൽഎ ഇടപെട്ടതോടെയാണ് 70,000 രൂപ തിരികെ നൽകിയത്.
‘‘വാടയ്ക്ക് താമസിക്കുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവുമായി സംസാരം വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. അഡ്വാൻസ് തുക ഞാനാണു കൊടുത്തതെന്ന് പറഞ്ഞപ്പോൾ അവരുടെ കയ്യിൽനിന്ന് 20,000 രൂപ വാങ്ങിയ കാര്യം പറഞ്ഞു. അപ്പോഴാണ് ഈ പണം അവരിൽനിന്ന് വാങ്ങിയ കാര്യം ഞാനറിയുന്നത്. പൊലീസിൽ പരാതിപ്പെട്ടാൽ എന്റെ ഭാഗത്തുനിന്ന് എല്ലാ പന്തുണയും ഉണ്ടാകുമെന്ന് കുട്ടിയുടെ പിതാവിനോട് ഞാൻ പറഞ്ഞിരുന്നു. പിന്നീട് ആരൊക്കെയോ ഇതു സംബന്ധിച്ച് സംസാരിച്ചതിനു ശേഷമാണ് പണം തിരിെക കൊടുക്കാൻ അയാൾ തയാറാകുന്നത്. അതിനാലാകാം പെൺകുട്ടിയുടെ പിതാവ് പരാതിയുമായി പോകാതിരുന്നത്. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് ചെയ്തത്’’–അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.