ADVERTISEMENT

കൊൽക്കത്ത ∙ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ ശാന്തിനികേതനിൽ സ്ഥാപിച്ച മാർബിൾ ഫലകം മാറ്റി പുതിയതു വയ്ക്കണമെന്നു നിർദേശിച്ച് കേന്ദ്ര സർക്കാർ. ഫലകത്തിൽ മഹാകവി രബീന്ദ്രനാഥ ടഗോറിന്റെ പേര് ഒഴിവാക്കിയതു വിവാദമായതോടെയാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടൽ.

വിശ്വഭാരതി സർവകലാശാല സ്ഥാപകനായ ടഗോറിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയുടെയും പേരാണ് ഉൾപ്പെടുത്തിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ ക്യാംപസിൽ സ്ഥാപിച്ച 2 മാർബിൾ ഫലകത്തിനും കാവൽ ഏർപ്പെടുത്തി. നൊബേൽ പുരസ്കാര ജേതാവായ ടഗോറിന്റെ ബഹുമാനാർഥമാണു ശാന്തിനികേതന് സെപ്റ്റംബർ 17ന് യുനെസ്കോ അംഗീകാരം ലഭിച്ചത്.

വിവാദ ഫലകം ഉടനെ മാറ്റാനും പുതിയതു സ്ഥാപിക്കാനുമാണു കേന്ദ്രത്തിന്റെ നിർദേശം. ഫലകത്തിൽ ചേർക്കാനുള്ള വാചകങ്ങളും പേരുകളും മറ്റും വിശദമായി വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ചയാണു സർവകലാശാലയ്ക്ക് അയച്ചത്. പുതിയ ഫലകത്തിൽ മോദിയുടെയോ മുൻ വിസിയുടെയോ പേരില്ലെന്നാണു റിപ്പോർട്ട്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ഫലകം തയാറാക്കാനുള്ള വിവരങ്ങളാണു കേന്ദ്രം നൽകിയത്. ബംഗാളി ഭാഷയിലുള്ള ഫലകംകൂടി സ്ഥാപിക്കാൻ അധികൃതർ അനുമതി തേടി.

യുനെസ്കോ ബഹുമതി വിളംബരം ചെയ്യുന്ന ഫലകങ്ങളിൽ നിന്നാണു ടഗോർ പുറത്തായത്. താൽക്കാലിക ഫലകം മാത്രമാണെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഫലകത്തിൽ ആദ്യത്തെ പേരായി നരേന്ദ്ര മോദി ആചാര്യ എന്നാണു രേഖപ്പെടുത്തിയത്. കേന്ദ്ര സർവകലാശാലയായ വിശ്വഭാരതിയുടെ അനൗദ്യോഗിക ചാൻസലറാണു പ്രധാനമന്ത്രി. വിവാദഫലകം എത്രയും പെട്ടെന്നു മാറ്റണമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആവശ്യപ്പെട്ടിരുന്നു.

English Summary:

Drop Plaque, Replace It With Tagore's Name, Says Centre: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com