ഭാവിയിൽ തേജസ്വിക്ക് വെല്ലുവിളിയാകുമോ, സിപിഐയ്ക്കും പിണക്കം; കനയ്യയ്ക്കു സീറ്റ് നിഷേധിക്കാൻ അണിയറ നീക്കം
Mail This Article
പട്ന ∙ കോൺഗ്രസ് യുവനേതാവ് കനയ്യ കുമാറിനു ബിഹാറിൽ ലോക്സഭാ സീറ്റു നിഷേധിക്കാൻ അണിയറ നീക്കം. കനയ്യ കുമാറിനു സ്വാധീനമുള്ള ബേഗുസരായി സീറ്റ് കോൺഗ്രസിനു വിട്ടു കൊടുക്കാൻ ആർജെഡി നേതൃത്വം തയാറല്ലെന്നാണു സൂചനകൾ. ബേഗുസരായി സീറ്റിൽ ആർജെഡി തന്നെ മത്സരിക്കുകയോ സിപിഐക്കു വിട്ടു കൊടുക്കുകയോ ചെയ്യും.
സിപിഐ വിട്ടു കോൺഗ്രസിൽ ചേക്കേറിയ കനയ്യ ബിഹാറിൽ ചുവടുറപ്പിക്കുന്നതിനോട് ആർജെഡി, സിപിഐ കക്ഷികൾക്കു താൽപര്യക്കുറവുണ്ട്. കനയ്യ ഭാവിയിൽ തേജസ്വി യാദവിനു വെല്ലുവിളിയായി മാറുമോയെന്ന ആശങ്കയാണ് ആർജെഡി നേതൃത്വത്തിന്റെ എതിർപ്പിനു കാരണം.
പാർട്ടി വിട്ടു പോയ കനയ്യയോടു സിപിഐ സംസ്ഥാന നേതൃത്വത്തിനും വിയോജിപ്പുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡുമായി കനയ്യയ്ക്ക് അടുപ്പമുണ്ടെങ്കിലും ബിഹാർ സംസ്ഥാന നേതൃത്വം അകറ്റി നിർത്തുകയാണ്. ബിഹാറിൽ കോൺഗ്രസിന്റെ സംഘടനാ പരിപാടികൾക്കൊന്നും ഇദ്ദേഹത്തെ ക്ഷണിക്കാറില്ല.