എരവന്നൂർ സ്കൂളിലെ സംഘർഷം; അധ്യാപകനായ ഷാജിയുടെ അറസ്റ്റിനു പിന്നാലെ ഭാര്യയ്ക്കും സസ്പെൻഷൻ
Mail This Article
നരിക്കുനി (കോഴിക്കോട്) ∙ എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ. സ്കൂളിലെ അധ്യാപികയായ സുപ്രീനയെ മാനേജർ സസ്പെൻഡ് ചെയ്തു. കൊടുവള്ളി എഇഒയുടെ ശുപാർശ പ്രകാരമാണ് നടപടി. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത മറ്റൊരു സ്കൂളിൽ അധ്യാപകൻ കൂടിയായ എം.പി. ഷാജിയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എരവന്നൂർ സ്കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ പരാതി നൽകിയത്.
യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കയറി അധ്യാപകരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ നാഷനൽ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമിതിയംഗം കൂടിയായ ഷാജിയെ ഇന്നലെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഷാജിയുടെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയുമായ സുപ്രീനക്കും മറ്റ് 5 അധ്യാപകർക്കും പരുക്കേറ്റിരുന്നു. എരവന്നൂർ സ്കൂളിലെ അധ്യാപകർക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴാണ് യഥാർഥ്യം ബോധ്യപ്പെടുത്താനായി വിഡിയോ പുറത്തുവിട്ടതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എരവന്നൂർ സ്കൂളിൽ അധ്യാപികയായ ഭാര്യ സുപ്രീനയെയും മകനെയും വിളിക്കാനായി എത്തിയ ഷാജിയെ ആക്രമിച്ചെന്നായിരുന്നു എൻടിയു ആദ്യം ആരോപിച്ചത്.
ഒരു വിദ്യാർഥിയുടെ മുഖത്ത് അടിച്ചതിനും രക്ഷിതാവിനോട് മോശമായി സംസാരിച്ചതിനും കേസ് നിലവിലുള്ള അധ്യാപിക കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപകനു എതിരെ വ്യാജ കേസ് എടുപ്പിക്കുവാൻ നടത്തിയ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു വേണ്ടി ചേർന്ന യോഗത്തിലേക്കാണു ഷാജി അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയതെന്നു സ്കൂൾ അധികൃതർ പറഞ്ഞു.