ആദ്യം രശ്മിക, ഇപ്പോൾ കജോളും; നടി വസ്ത്രം മാറുന്നതായി ഡീപ്‌ഫെയ്ക്ക് വിഡിയോ
Mail This Article
ന്യൂഡൽഹി∙ ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുടെ വിഡിയോയാണ് നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ മുഖം കജോളിന്റേതാക്കി മാറ്റി പ്രചരിപ്പിക്കുന്നത്. ഈ വിഡിയോയിൽ ഒരിടത്ത് യഥാർഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വിഡിയോ. ജൂൺ അഞ്ചിന് ടിക്‌ടോക് പ്ലാറ്റ്‌ഫോമിലാണ് വിഡിയോ ആദ്യം പബ്ലിഷ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നോ തയാറാക്കിയതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇംഗ്ലിഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റോസി ബ്രീനിന്റെ വിഡിയോയിൽ കജോളിന്റെ മുഖം മോർഫ് ചെയ്ത് ചേർക്കുകയായിരുന്നു. വേനൽക്കാലത്ത് ധരിക്കാവുന്ന ചെലവുകുറഞ്ഞ വസ്ത്രങ്ങളെക്കുറിച്ചുള്ള വിഡിയോ ആയിരുന്നു അത്.
നേരത്തേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തയാറാക്കിയ രശ്മികയുടെ ഡീപ്ഫെയ്ക് വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോയിൽ യഥാർഥത്തിലുള്ളത് സമൂഹമാധ്യമതാരം സാറ പട്ടേലായിരുന്നു. സാറയുടെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു. ഈ കേസിൽ 19കാരനെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ ചോദ്യം ചെയ്തിരുന്നു.
രശ്മികയുടെ സംഭവം വന്നപ്പോൾത്തന്നെ ഇന്ത്യൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 2021ലെ ഐടി ചട്ടം അനുസരിച്ച് പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിൽ ഇത്തരം വിഡിയോ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.