പിണറായി പൊലീസ് വേട്ട തുടർന്നാൽ കൊച്ചിയിലേതു പോലെ കോഴിക്കോട്ടും പൊട്ടിക്കും: കലക്ടർക്ക് ഭീഷണിക്കത്ത്
Mail This Article
കോഴിക്കോട്∙ കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി മാവോയിസ്റ്റിന്റെ ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും, സൂക്ഷിച്ചോ എന്നാണ് കത്തിലെ ഭീഷണി. പേരു വച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ് കോഴിക്കോട് അടുത്തയാഴ്ച നടക്കാനിരിക്കെ ലഭിച്ച ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പലസ്തീനുള്ള ഐക്യദാർഢ്യമെന്ന പേരിൽ കോഴിക്കോട്ട് ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കളാണെന്നും കത്തില്‍ പരാമർശമുണ്ട്. ഭീഷണിക്കത്തിനെക്കുറിച്ച് കേന്ദ്ര– സംസ്ഥാന ഇന്‍റലിജന്‍സ് അന്വേഷണം തുടങ്ങി.
ഏതാനും ദിവസങ്ങൾക്കിടെ വയനാട്ടിലും കണ്ണൂരിലും പൊലീസുകാരും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയിരുന്നു. കോഴിക്കോടു ബാലുശേരിക്കു സമീപത്തുവച്ച് മാവോയിസ്റ്റ് കുറിയറായി പ്രവർത്തിക്കുന്നയാളെ പിടികൂടിയതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടലുകൾ. വയനാട്ടിലെ പേരിയയ്ക്കു സമീപം വനാതിർത്തിയോടു ചേർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
മാത്രമല്ല, തലശേരിയിൽനിന്നും ചില മാവോയിസ്റ്റുകൾ സ്വകാര്യ ബസിൽ കോഴിക്കോട്ട് വന്നിറങ്ങിയതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനു സ്ഥിരീകരണമില്ലെങ്കിലും കളമശേരിയിലേതിനു സമാനമായ ആക്രമണം കോഴിക്കോട്ടും നടത്തുമെന്ന ഭീഷണിയെ പൊലീസ് ഗൗരവത്തോടെയാണു കാണുന്നത്.