കയ്യിൽ എകെ 47, കാബൂളിലെ തെരുവുകളിൽ സ്കേറ്റിങ് ബോർഡിൽ തെന്നിപ്പാഞ്ഞ് താലിബാന്റെ പട്രോളിങ് – വിഡിയോ
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ കാബൂളിലെ തെരുവുകളിൽ എകെ 47 തോക്ക് കയ്യിലേന്തി റോളർബ്ലേഡിൽ (സ്കേറ്റിങ് ഉപകരണം) പട്രോളിങ് നടത്തുന്ന താലിബാന്റെ വിഡിയോ ദൃശ്യം പുറത്ത്. റോഡിലൂടെ മുന്നോട്ടു നീങ്ങുന്ന ട്രക്കിനു സമീപത്തുകൂടെയാണു താലിബാൻ അംഗങ്ങൾ റോളർബ്ലേഡിൽ നീങ്ങുന്നത്. സൈനിക യൂണിഫോം ധരിച്ച താലിബാൻ അംഗങ്ങള്‍ റോഡിൽ ട്രാഫിക് നിർദേശങ്ങളും നൽകിയാണു നീങ്ങുന്നതെന്നു ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ പാർക്കർ അത്‍ലറ്റ് യദുള്ള മർവി നവംബർ 11 നാണു വിഡിയോ യൂട്യൂബിൽ അപ്‍ലോഡ് ചെയ്തത്. കാബൂളിലെ തെരുവുകളിലെ സൈനിക പ്രകടനത്തിന്റെ ഭാഗമായുള്ള സ്കേറ്റിങിന്റെ ആദ്യഭാഗമെന്നാണു 22 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ വിവരണത്തിൽ പറയുന്നത്. ‘‘സ്കേറ്റിങ് നടത്തുന്ന ഞങ്ങളുടെ അംഗങ്ങളെ വിഡിയോയിൽ ചിത്രീകരിച്ചിരിക്കുകയാണ്. ആളുകളുടെ പ്രതികരണവും ചിത്രീകരിച്ചിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കു’’– യദുള്ള മർവി കുറിച്ചു.
സംഘത്തിലെ ചെറുപ്പക്കാരിൽ സ്കേറ്റിങ് കഴിവുള്ളവരുണ്ടെന്നും ലോകത്തിലെ മറ്റെല്ലായിടത്തും ഇത് സാധാരണ കാര്യമായിരിക്കുമെന്നും എന്നാൽ കാബൂളിലെ റോഡുകളിൽ ഈ കാഴ്ച വളരെ അപൂർവമാണെന്നും താലിബാൻ സുരക്ഷാ സംഘത്തിലെ ഒരു അംഗം പറഞ്ഞു. 2021 ജൂലൈ 21 നാണു താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തത്.