മുന്‍നിരയില്‍ 180 ഡിഗ്രി കറങ്ങുന്ന കസേര; സ്പ്ലിറ്റ് എസിക്ക് പുറത്തുനിന്ന് വൈദ്യുതി; ആഡംബര ബസിന് നിറത്തിലും ഇളവ്
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആര്‍ടിസി ബെന്‍സ് ആഡംബര ബസിനായി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കു നിര്‍ദേശിച്ചിരിക്കുന്ന കളര്‍കോഡില്‍ ഇളവു നല്‍കിയിട്ടുണ്ട്. മുന്‍നിരയിലെ കസേര 180 ഡിഗ്രി കറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ബസ് നിര്‍ത്തിയിടുമ്പോള്‍ സ്പ്ലിറ്റ് എസി പ്രവര്‍ത്തിപ്പിക്കാനായി പുറത്തുനിന്നുള്ള വൈദ്യുതി കണക്ഷന്‍ നല്‍കാം.
കെഎസ്ആര്‍ടിസി എംഡി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കെഎസ്ആര്‍ടിസി വാങ്ങിയ ബസ് സര്‍ക്കാര്‍ വിവിഐപികള്‍ക്കു വേണ്ടിയും ടൂറിസം ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുമെന്നും ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
സര്‍ക്കാരിലെ വിവിഐപിമാരുടെ യാത്രയ്ക്കായി ഒരു പ്രത്യേക വാഹനം വേണമെന്ന് ജൂലൈ ആറിന് പിആര്‍ഡി വകുപ്പാണ് കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി വാങ്ങിയ ബെന്‍സിന്റെ ഷാസി ഇത്തരത്തില്‍ സജ്ജീകരിക്കുകയായിരുന്നു. യാത്രികരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. വാഹനം റജിസ്റ്റര്‍ ചെയ്യാനായി കളര്‍ കോഡില്‍ ഉള്‍പ്പെടെ ചില ഇളവുകള്‍ വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അതിനിടെ, ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്ന്് ബസ് കേരളത്തിലേക്കു പുറപ്പെട്ടു. ബെംഗളൂരുവില്‍നിന്നു മൈസൂരു, സുള്ള്യ വഴിയാണ് കാസര്‍കോട്ട് എത്തുന്നത്. ഇന്നു രാവിലെയാണ് മണ്ഡ്യയിലെ ഫാക്ടറിയില്‍നിന്നു ബസ് എത്തിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബസിന്റെ ബോഡി നിര്‍മാണപവര്‍ത്തനങ്ങള്‍. റജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിര്‍മാണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമാണ്. ബസിന് ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് നല്‍കിയിരിക്കുന്നത്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് വെള്ള നിറമേ പാടുള്ളുവെങ്കിലും ഗതാഗതവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ബ്രൗണ്‍ നിറം തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്ന്‍, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്‌സിന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും.