ADVERTISEMENT

ആലപ്പുഴ∙ പിആർഎസ് വായ്പ കർഷകരുടെ വായ്പാ യോഗ്യതയെ ബാധിക്കരുതെന്നു ബാങ്കുകൾക്കു കർശന നിർദേശം നൽകിയെന്നു കൃഷിമന്ത്രി പി.പ്രസാദ്. ബാങ്ക് പ്രതിനിധികളുമായുള്ള അടിയന്തര യോഗത്തിലാണു നിർദേശം. ‘‘ഇക്കാര്യം നിയമ വിഭാഗവുമായി ചർച്ച ചെയ്യാമെന്നു ബാങ്കുകൾ ഉറപ്പു നൽകി. പിആർഎസ് വായ്പയിൽ ഇപ്പോൾ കുടിശികയില്ലെന്നു ബാങ്കുകൾ അറിയിച്ചു. സർക്കാർ പറഞ്ഞതു ശരിയാണെന്നു വരുന്നു. 2024 മേയ് മുതലാണു തിരിച്ചടവു തുടങ്ങേണ്ടത്. അതുവരെ പിആർഎസ് വായ്പയുടെ പേരിൽ പ്രശ്നമുണ്ടാകില്ല.

പിആർഎസ് ഒരു പ്രശ്നമാണെന്നു വരുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി.പ്രസാദിന്റെ സിബിൽ സ്കോർ 812 ആണ്. പ്രസാദിന്റെ കാര്യത്തിൽ ബാങ്കുകൾക്കു പിഴവു പറ്റിയോ എന്നു പരിശോധിക്കും. പ്രസാദ് വായ്പയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്നു ബാങ്കുകൾ പറയുന്നതു മുഖവിലയ്ക്ക് എടുക്കുന്നില്ല. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞതാണു വിശ്വസിക്കുന്നത്. പ്രസാദിനു പിആർഎസിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെട്ടില്ല. സിബിൽ സ്കോറിന്റെ പേരിൽ നിഷേധിച്ചോ എന്നു സർക്കാർ വിശദമായി പരിശോധിക്കും.

ഇന്നലെ ഒരു ബാങ്കിന്റെ പ്രതിനിധികൾ പ്രസാദിന്റെ വീട്ടിൽ എത്തി വായ്പ നൽകാമെന്നു പറഞ്ഞു. ഞങ്ങൾ എത്ര വേണമെങ്കിലും ലോൺ തരാമെന്ന് പറഞ്ഞു. എന്താണ് നമ്മൾ ഇതിനു പറയേണ്ടത്? എത്ര ക്രൂരമായ സമീപനമായിരുന്നു ഇതിനുമുൻപ് അവർ സ്വീകരിച്ചത്? ലോൺ തരാതിരുന്ന ബാങ്കുകളുടെ പേര് പ്രസാദ് എഴുതിവച്ചിരുന്നു. അപ്പോൾ എന്തുകൊണ്ടാണ് നേരത്തെ ലോൺ നിഷേധിച്ചത്? എന്തുകൊണ്ടാണ് ഒറ്റദിവസം കൊണ്ട് ലോൺ തരാമെന്ന് പറയുന്നത്. ഇക്കാര്യങ്ങൾ എല്ലാ പരിശോധിക്കണം’’– മന്ത്രി പറഞ്ഞു.

2.16 ലക്ഷം കോടി രൂപയാണു കേരളത്തിലെ കാർഷിക വായ്പ. ഇതിൽ മൂന്നു ശതമാനമാണു തിരിച്ചടവില്ലാത്തത്. കർഷകരോടുള്ള ബാങ്കുകളുടെ സമീപനം മാറ്റണം. കുട്ടനാട്ടിൽ ലോക ബാങ്ക് പദ്ധതിയിൽ ആധുനിക സംഭരണ കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Minister P Prasad on Loans for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com