ADVERTISEMENT

തിരുവനന്തപുരം∙ ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ പ്രതിഷേധിച്ച മറിയക്കുട്ടിയെന്ന വയോധികയ്ക്കെതിരെ തെറ്റായ വാർത്ത നൽകിയതിനു പാർട്ടി പത്രം സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വാർത്ത നൽകിയത് തെറ്റാണെന്നു പറഞ്ഞു പാർട്ടി പത്രം മാപ്പു പറഞ്ഞതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘‘നവകേരള സദസ്സ് ജനാധിപത്യ ചരിത്രത്തിലെ പുതിയ കാൽവയ്പ് ആണ്.നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് ഉപയോഗിക്കുന്നത് ആഡംബര ബസ് അല്ല. ആ ബസ് പരിപാടി കഴിഞ്ഞാൽ എങ്ങോട്ടും കൊണ്ടുപോകില്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് എന്ന നിലയിൽ അതിന്റെ മൂല്യം ഉയരും. മറ്റ് ആക്ഷേപങ്ങൾക്കു മറുപടി പറയുന്നില്ല. ബസിന്റെ ദൃശ്യം പുറത്തു വിടുന്നില്ലെന്ന ആരോപണത്തിൽ കാര്യമില്ല. ബസ് അടച്ചു വയ്ക്കുകയല്ല, അടുത്ത ദിവസം മുതൽ ഓടിത്തുടങ്ങുകയാണ്. അപ്പോൾ ആവശ്യം പോലെ ദൃശ്യങ്ങൾ ആർക്കു വേണമെങ്കിലും പകർത്താം’’– അദ്ദേഹം വ്യക്തമാക്കി. 

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചു എന്നത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഇപ്പോൾ ലക്ഷക്കണക്കിനു വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ എത്ര കാർഡുകൾ ഇത്തരത്തിൽ ഉണ്ടാക്കാൻ കഴിയും. അതിന്റെ എല്ലാ തെളിവും പുറത്തു വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മുഴുവൻ ഗൗരവത്തോടെ കണ്ട് ഇടപെടൽ നടത്തണം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത്തരം മാതൃകകൾ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. പൊതുതിരഞ്ഞെടുപ്പിനെപ്പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം അപകടകരമായ വ്യാജ നിർമിതികൾ. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം.സൂഷ്മമമായി പരിശോധിച്ചാൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ സുനിൽ കനഗോലുവാണ് ഇതിനു പിന്നിലെന്നു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളബാങ്ക് ഭരണസമിതിയിലേക്ക് മുസ്‌ലിം ലീഗ് എംഎൽഎ പി.അബ്ദുൾ ഹമീദിനെ നാമനിർദേശം ചെയ്തതു സംബന്ധിച്ച ചോദ്യത്തിന്, സഹകരണ മേഖലയിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്ന് എം.വി.ഗോവിന്ദന്‍ മറുപടി നൽകി. കേരള ബാങ്ക് എന്ന എൽഡിഎഫിന്റെ ആശയത്തിനെതിരെ ലീഗിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സുപ്രീം കോടതി വരെ പോയെന്നതു സത്യമാണ്. കേരള ബാങ്കിന് ലീഗ് എതിരായിരുന്നുവെങ്കിലും അവർക്കു നല്ല സ്വാധീനമുള്ള ജില്ലയിലെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാൾ എന്ന നിലയിലാണ് അദ്ദേഹത്തെ ഭരണ സമിതിയിൽ എടുത്തത്. സിപിഎമ്മിന് ഇക്കാര്യത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ല. ഇങ്ങനെയാണോ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടികളിൽ വിലക്കു കൽപിച്ച പാർട്ടികളിലെയും സംഘടനകളിലെയും അണികൾ വളരെ ആവേശത്തോടെ പങ്കെടുക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സാർവദേശീയ ഐക്യദാർഢ്യം എന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. സങ്കുചിതമായ രീതിയിൽ കാണേണ്ടതില്ല. രാഷ്ട്രീയ ഐക്യമുന്നണി എന്നും കാണേണ്ടതില്ല. ഏതു മുന്നണിയിൽ നിൽക്കുന്നവർക്കും ഒത്തു ചേരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

M.V.Govindan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com