പീഡനത്തെത്തുടർന്ന് പ്രസവം: ദത്ത് കൊടുത്ത കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഉചിതമല്ലെന്ന് കോടതി
Mail This Article
മുംബൈ ∙ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുഞ്ഞിനെ മറ്റൊരാൾ ദത്തെടുത്ത ശേഷം ഡിഎൻഎ പരിശോധന നടത്തുന്നത് കുഞ്ഞിന് ഗുണകരമാകില്ലെന്ന് ഹൈക്കോടതി. 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം നൽകിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം.
കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തിയിരുന്നോ എന്ന് കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു. എന്നാൽ, പ്രസവശേഷം കുഞ്ഞിനെ ഒരു കുടുംബം ദത്തെടുത്തിട്ടുണ്ടെന്നും ദത്തെടുക്കുന്നതിന് ഇടപെട്ട സ്ഥാപനം കുടുംബത്തിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും പൊലീസ് അറിയിച്ചു. തുടർന്നാണ് ഇനി കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചത്.
ഉഭയസമ്മതപ്രകാരമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് അവകാശപ്പെട്ടാണ് പ്രതി ജാമ്യം തേടിയത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും കോടതി ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. രണ്ടു വർഷവും 10 മാസവും ജയിലിൽ കഴിഞ്ഞ ശേഷമാണ് പ്രതിക്ക് ഇപ്പോൾ ജാമ്യം ലഭിച്ചത്.