‘നമുക്ക് മഞ്ചേശ്വരത്തുനിന്നും തുടങ്ങാം’: നവകേരള സദസ്സിന് പ്രചാരണവുമായി മന്ത്രി റിയാസ്– വിഡിയോ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സ് 18ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിക്കാനിരിക്കെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വിഡിയോയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവകേരള സദസ്സിനു മുന്നോടിയായി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണു മന്ത്രി വിഡിയോ പങ്കുവച്ചത്.
‘‘നവകേരള സദസ്സ് നിയോജക മണ്ഡലങ്ങളിൽ എത്തുന്നതിനു മുൻപ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പിന്റെ ചില പ്രവൃത്തികൾ അടങ്ങിയ ചെറു വിഡിയോകൾ ഞങ്ങൾ പുറത്തിറക്കുന്നു. മഞ്ചേശ്വരത്തുനിന്നും തുടങ്ങാം...’ എന്ന കുറിപ്പോടെയാണു റിയാസ് വിഡിയോ പങ്കുവച്ചത്. മനോഹരമായ റോഡുകളുടെ ആകാശദൃശ്യങ്ങൾ അടങ്ങിയ വിഡിയോയുടെ ദൈർഘ്യം 47 സെക്കൻഡാണ്. വിഡിയോയ്ക്കു കിട്ടുന്ന കമന്റുകളിൽ ചിലതിനോട് ഇമോജികളിട്ട് മന്ത്രി നേരിട്ട് സന്തോഷവും പ്രകടിപ്പിച്ചു.
സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നടത്തുന്ന ബഹുജന സദസ്സും അടങ്ങുന്ന പരിപാടിയാണു നവകേരള സദസ്സ്. ഫയലിലും മറ്റും കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും പരിപാടിയുടെ ലക്ഷ്യമാണ്. എന്നാൽ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയും സർക്കാർ ഒപ്പമുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന രാഷ്ട്രീയ ലക്ഷ്യവും യാത്രയ്ക്കുണ്ട്.
മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഒറ്റ ബസിൽ ഓരോ നിയോജക മണ്ഡലത്തിലും എത്തുംവിധമാണ് ആസൂത്രണം. ഒരു ദിവസം 4 മണ്ഡലങ്ങളിൽ എത്തും. രാവിലെ ജില്ലാ കേന്ദ്രത്തിൽ അന്നത്തെ മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു പ്രഭാതയോഗം. 15 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിക്കും. പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാൻ 45 മിനിറ്റ്. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ പ്രതികരിക്കും. രാവിലെ 11, ഉച്ചയ്ക്കു ശേഷം 3, വൈകിട്ട് 4.30, 6 എന്നീ സമയങ്ങളിൽ നിയോജക മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലസദസ്സ്. ഇവിടെ പൊതുജനങ്ങളിൽനിന്നു പരാതി സ്വീകരിക്കാൻ 7 കൗണ്ടറുകളുണ്ടാകും.