‘പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്’: അബ്ദുൽ ഹമീദിനെതിരെ പോസ്റ്റർ
Mail This Article
മലപ്പുറം∙ മുസ്‌ലിം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റർ. ‘പാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസാണ് അബ്ദുൽ ഹമീദ്’ എന്നാണ് ആക്ഷേപം. പാർട്ടിയിൽനിന്നു പുറത്താക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിർദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
വള്ളിക്കുന്ന് എംഎൽഎയും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.അബ്ദുൽ ഹമീദിനു ഭരണസമിതിയിൽ ചേരാൻ അബ്ദുൽ ഹമീദിനു ലീഗ് സംസ്ഥാന നേതൃത്വം അനുമതി നൽകിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണ് അബ്ദുൽ ഹമീദിന്റെ കേരള ബാങ്ക് ഭരണസമിതി അംഗത്വത്തിനുള്ള നാമനിർദേശം.
നിലവിൽ മലപ്പുറം ജില്ലയിലെ പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുൽ ഹമീദ്. സിപിഎമ്മിന്റെ മുതിർന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുൽ ഹമീദിന്റെ നാമനിർദേശം. ഗോപി കോട്ടമുറിക്കൽ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയിൽ നിലവിൽ സിപിഎം നേതാക്കളോ എൽഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് ഉള്ളത്. ആദ്യമായാണു യുഡിഎഫ് കക്ഷികളിൽ പെട്ട ഒരു സഹകാരി ഭരണസമിതിയിൽ എത്തുന്നത്.