ഗാന്ധി കുടുംബത്തിലെ 4 തലമുറയും ഒബിസി വികസനത്തിന് എതിരായിരുന്നു: അമിത് ഷാ
Mail This Article
ജയ്പൂർ∙ രാഹുൽ ഗാന്ധിക്കെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തിലെ നാലുതലമുറയും ഒബിസി വിഭാഗത്തിന്റെ വികസനത്തിന് എതിരായിരുന്നെന്നു നസിരാബാദിലെ ഒരു തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേ അമിത് ഷാ കുറ്റപ്പെടുത്തി.
അടുത്തകാലത്തായി രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെക്കുറിച്ചു നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള ഗാന്ധി കുടുംബത്തിലെ നാലുതലമുറയും ഒബിസി വിഭാഗത്തിന്റെ വികസനത്തിന് എതിരായിരുന്നെന്നുമാണ് അമിത് ഷായുടെ വിമർശനം.
ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ (എൻസിബിസി) സ്ഥാപിച്ചത് ബിജെപിയാണ്. രാജ്യത്തിന് ആദ്യത്തെ ഒബിസി പ്രധാനമന്ത്രിയെ നൽകിയതും ബിജെപിയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടി കോൺഗ്രസ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും വ്യാജ വാഗ്ദാനങ്ങൾ മാത്രമാണു നൽകിയിരുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെതിരെയും അമിത് ഷാ രൂക്ഷവിമർശനം ഉയർത്തി.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ കോൺഗ്രസ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി പരിഹസിച്ചു സംസാരിച്ചതിനു പിന്നാലെയാണ് അതേ വിഷയത്തിൽ തന്നെ അമിത് ഷാ മറുപടി നൽകിയത്. ‘‘നിങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് ഒബിസിയെന്നാണ്. രാജ്യത്ത് ഒബിസി വിഭാഗത്തിൽപ്പെട്ട എത്രപേരുണ്ട്– ഇതായിരുന്നു ഞാൻ പ്രധാനമന്ത്രിയോട് ചോദിച്ചത്. രാജ്യത്തു പാവപ്പെട്ടവർ എന്ന ഒറ്റ ജാതിയേ ഉള്ളു എന്നായിരുന്നു മോദി മറുപടി പറഞ്ഞത്. രാജ്യത്തു ജാതിയില്ലെങ്കിൽ പിന്നെന്തിനാണു നരേന്ദ്ര മോദി സ്വയം ഒബിസി എന്ന് വിശേഷിപ്പിക്കുന്നത്’’– ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.