നിയമസഭയിലെ നിതീഷ് കുമാറിന്റെ അധിക്ഷേപം; രാജ്ഘട്ടിൽ ധർണ നടത്തുമെന്ന് ജിതൻ റാം മാഞ്ചി
Mail This Article
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ ധർണ നടത്തുമെന്നു ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി. ദലിത് നേതാവായ ജിതൻ റാം മാഞ്ചിക്കെതിരെ നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ധർണ. നിതീഷിന്റെ പരാമർശങ്ങൾ ദലിത് സമൂഹത്തിനാകെ അപമാനകരമാണെന്നു മാഞ്ചി പറഞ്ഞു.
പട്നയിലെ അംബേദ്കർ സ്മാരകത്തിനു മുന്നിൽ ധർണ നടത്താൻ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതു കാരണമാണ് പ്രതിഷേധ വേദി ന്യൂഡൽഹിയിലേക്കു മാറ്റുന്നത്. ബിഹാറിലെ ഛഠ് ആഘോഷങ്ങൾക്കു ശേഷം അടുത്തയാഴ്ച അവസാനത്തോടെയാകും ധർണ.
ബിഹാറിൽ ശരിയായ രീതിയിലല്ല ജാതി സർവേ നടത്തിയതെന്ന ജിതൻ റാം മാഞ്ചിയുടെ പ്രസ്താവനയാണു ബിഹാർ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ‘‘ജാതി സർവേ കൃത്യമായിരുന്നെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. വസ്തുതകൾ തെറ്റാണെങ്കിൽ, ശരിയായ വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുകയില്ല’’– ഇതായിരുന്നു നിതീഷ് കുമാറിനെ പ്രകോപിപ്പിച്ച വാക്കുകൾ.
മാഞ്ചിയുടെ വാക്കുകളിൽ പ്രകോപിതനായ നിതീഷ് കുമാർ തൊട്ടുപിന്നാലെ മുൻ മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണം നടത്തി. ‘‘ഞങ്ങളാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. എന്റെ അവിവേകം കൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായത്’’–എന്നായിരുന്നു നിതീഷ് കുമാർ സഭയിൽ പറഞ്ഞത്.