ADVERTISEMENT

മാലെ∙ രാജ്യത്തുനിന്ന് സൈനിക സാന്നിധ്യം പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫിസ് അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്തതിന്റ തൊട്ടുപിറ്റേന്നാണ് മുയിസു ഇക്കാര്യം ആവശ്യപ്പെട്ടത്. ശനിയാഴ്ച രാവിലെ, കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മുയിസു ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കിരൺ റിജിജു.

റിജ്ജുവുമായുള്ള കൂടിക്കാഴ്ചയില്‍, മാലദ്വീപിലെ ഇന്ത്യൻ സൈനികരുടെ വിഷയം മാലദ്വീപ് പ്രസിഡന്റ് ഉന്നയിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മാലദ്വീപിൽ 70 ഇന്ത്യൻ സൈനികരുണ്ട്. റഡാറുകളും നിരീക്ഷണ വിമാനങ്ങളും ഇവർ കൈകാര്യം ചെയ്യുന്നു. ഇന്ത്യൻ യുദ്ധക്കപ്പലുകൾ രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പട്രോളിങ് നടത്താനും സഹായിക്കുന്നു.

ദ്വീപസമൂഹത്തിൽ നിന്ന് വിദേശ സൈനികരെ പിൻവലിക്കുക എന്നത് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തിൽ ഇക്കാര്യം അദ്ദേഹം ആവർത്തിച്ചിരുന്നു. ‘മാലദ്വീപിൽ വിദേശ സൈനികർ ഉണ്ടാകില്ല’ എന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ മുയിസു പറഞ്ഞു.

ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസുവിൽ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപിൽ അനിയന്ത്രിതമായ ഇന്ത്യൻ സാന്നിധ്യം അനുവദിച്ചുവെന്ന് ആരോപണം നേരിട്ടിരുന്നു. എന്നാൽ, മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇരു സർക്കാരുകളും തമ്മിലുള്ള കരാർ പ്രകാരം കപ്പൽ നിർമാണശാല നിർമിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിനു മേൽ ഏതു രാജ്യമാണ് കൂടുതൽ സ്വാധീനം ചെലുത്തുകയെന്നു തീരുമാനിക്കുന്ന ഘടകമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു. ദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. മുയിസുവിന്റെ വിജയത്തിൽ ഇന്ത്യയും ചൈനയും അഭിനന്ദിച്ചിരുന്നു.

English Summary:

Maldives Asks India To Withdraw Military Presence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com