ADVERTISEMENT

കാസർകോട്∙ പ്രതിപക്ഷ വിമർശനങ്ങൾക്കിടെ നവകേരള സദസ്സിന് ആവേശകരമായ തുടക്കം. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ബസിന്റെ ആഡംബരമെന്താണെന്ന് ഉദ്ഘാടപ്രസംഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. ബസിൽ കയറി  ആർഭാടം പരിശോധിക്കാൻ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചു. ബസിന്റെ ആർഭാടം ഞങ്ങൾ പരിശോധിച്ചിട്ടു മനസിലായില്ലെന്നും അതിനാലാണു നിങ്ങളെ ക്ഷണിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

‘‘നമ്മുടെ നാടിനെ പലകാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. മുന്നോട്ടു പോക്കിനു വല്ലാത്ത തടസം നമുക്കു അനുഭവപ്പെട്ട സമയമുണ്ടായിരുന്നു. കേരളമാകെ കടുത്ത നിരാശയിൽ കഴിഞ്ഞ കാലമുണ്ടായിരുന്നു. 2016നു മുമ്പ് എല്ലാ മേഖലയിലും കേരളീയർ കടുത്ത നിരാശയിലായിരുന്നു. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നു’’–മുഖ്യമന്ത്രി പറഞ്ഞു.

പൈവളിഗ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നവകേരള സദസിന്റെ കൗണ്ടറുകൾ തുറന്നപ്പോൾ . ചിത്രം:ധനേഷ് അശോകൻ∙മനോരമ
പൈവളിഗ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നവകേരള സദസിന്റെ കൗണ്ടറുകൾ തുറന്നപ്പോൾ . ചിത്രം:ധനേഷ് അശോകൻ∙മനോരമ

മന്ത്രി കെ.രാജനാണു ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. എത്ര വലിയ ദുരന്തങ്ങൾ സംഭവിച്ചാലും ആ ദുരന്തത്തിന് ഒരു മലയാളിയെ പോലും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച സര്‍ക്കാരാണ് ഏഴരവർഷക്കാലം കഴിഞ്ഞു കേരളത്തെ മുന്നോട്ടു നയിക്കുന്നതെന്നു അധ്യക്ഷപ്രസംഗത്തിൽ മന്ത്രി രാജൻ പറഞ്ഞു. 

പൈവളിഗ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നവകേരള സദസിന്റെ കൗണ്ടറുകൾ തുറന്നപ്പോൾ . ചിത്രം:ധനേഷ് അശോകൻ∙മനോരമ
പൈവളിഗ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നവകേരള സദസിന്റെ കൗണ്ടറുകൾ തുറന്നപ്പോൾ . ചിത്രം:ധനേഷ് അശോകൻ∙മനോരമ

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ.വാസവൻ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എം.ബി.രാജേഷ്, ജി.ആർ. അനിൽ, വി.ശിവൻകുട്ടി, ഡോ. ആർ. ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

navakerala-sadas-8

∙ ജനങ്ങളെ അഭിവാദ്യം ചെയ്ത് വേദിയിലേക്ക്

navakerala-bus-6
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്. ചിത്രം:അഖിൽ എസ്∙മനോരമ

ബസിൽനിന്നുമിറങ്ങിയ മുഖ്യമന്ത്രി ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണു വേദിയിലേക്കു കയറിയത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലക്ക് ആനയിച്ചത്. തുളുനാടിന്റെ സാംസ്കാരിക പൈതൃകമായ തലപ്പാവ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽവച്ച്  അണിയിച്ചു. മുഖ്യമന്ത്രിയും മന്ത്രി സംഘവുമായുള്ള ബസ് കാസർകോട് ഗസ്റ്റ് ഹൗസിൽനിന്നും ഉദ്ഘാടനവേദിയിലേക്ക് എത്തവേ വൻ ജനക്കൂട്ടമാണു തടിച്ചുകൂടിയത്. ഉദ്ഘാടന ചടങ്ങിൽ വലിയ ജനപങ്കാളിത്തമുണ്ട്.

navakerala-sadas-bus
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്. ചിത്രം:അഖിൽ എസ്∙മനോരമ

∙ നവകേരള സദസ്സ് 

ജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണു ‘നവകേരള സദസ്സ്’. 12,000 പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതർ നേരത്തേ പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. അതേസമയം, യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്കരിക്കുകയാണ്.

പൈവളിഗ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നവകേരള സദസിന്റെ കൗണ്ടറുകൾ തുറന്നപ്പോൾ . ചിത്രം:ധനേഷ് അശോകൻ∙മനോരമ
പൈവളിഗ നഗർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നവകേരള സദസിന്റെ കൗണ്ടറുകൾ തുറന്നപ്പോൾ . ചിത്രം:ധനേഷ് അശോകൻ∙മനോരമ

∙ പരാതി നേരിട്ട് നൽകാനാകില്ല

നവകേരള സദസ്സിൽ പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ സ്വീകരിക്കുന്നത് സദസ്സ് നടക്കുന്ന വേദിക്കു സമീപമുള്ള കൗണ്ടറിൽ മാത്രം. പരാതി നേരിട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകാൻ അനുവദിക്കില്ല.

നവകേരള സദസ് യാത്രയ്ക്കായുള്ള ബസ് കാസർകോട്ട് എത്തിയപ്പോൾ. (Photo - Special Arrangement)
നവകേരള സദസ് യാത്രയ്ക്കായുള്ള ബസ് കാസർകോട്ട് എത്തിയപ്പോൾ. (Photo - Special Arrangement)

∙ 7 കൗണ്ടറുകൾ

ഓരോ നിയോജക മണ്ഡലം നവകേരള സദസ്സിലും 7 കൗണ്ടർ വീതം പ്രവർത്തിക്കും. റവന്യു ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. മുതിർന്ന പൗരന്മാർ, വനിതകൾ, പൊതുവിഭാഗം എന്നിവർക്കായി 2 വീതം കൗണ്ടറുകളും ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറുമാണ് ഉള്ളത്. പരിപാടി ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപും പരിപാടികൾ കഴിഞ്ഞ ശേഷവും പരാതി സ്വീകരിക്കും. പരാതികൾ നൽകുന്നതിനുള്ള നിർദേശങ്ങൾ കൗണ്ടറിൽ പ്രദർശിപ്പിക്കും. ഇതിന് ജീവനക്കാരും ഉണ്ടാകും. പരാതികളിൽ പൂർണ വിലാസവും മൊബൈൽ നമ്പറും ഇമെയിൽ ഉണ്ടെങ്കിൽ അതും നൽകണം. പരാതികൾ കൈപ്പറ്റി രസീത് നൽകും. തിരക്ക് ഒഴിവാക്കാനായി, സദസ്സ് നടക്കുമ്പോൾ പരാതി സ്വീകരിക്കുന്നത് നിർത്തിവയ്ക്കും.

∙ ഉദ്യോഗസ്ഥർ

ഓരോ കൗണ്ടറിലും ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയോജക മണ്ഡലം തോറും റിസർവ് ആയി ഇവർക്കു പുറമേ 6 ജീവനക്കാരുണ്ട്. ഓരോ നിയോജക മണ്ഡലത്തിനും ഓരോ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥനുണ്ട്.കൗണ്ടർ ഡ്യൂട്ടി ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് എല്ലാ ജീവനക്കാരും കൗണ്ടറിൽ എത്തണം. നവകേരള സദസ്സ് ചടങ്ങുകൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കൗണ്ടർവിട്ടു പോകാവൂ. ജില്ലയിൽ പരാതികൾ സ്വീകരിക്കൽ കൗണ്ടറിലേക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 156 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.‌

∙ പരാതികൾ അപ്‌ലോഡ് ചെയ്യും

എല്ലാ അപേക്ഷകളും ഡേറ്റ എൻട്രി ചെയ്യുന്നതിന് ഉടൻ കലക്ടറേറ്റിൽ എത്തിക്കാൻ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥന് നിർദേശം നൽകിയിട്ടുണ്ട്. പരാതികൾ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫിസർമാർ വകുപ്പ് തല മേധാവി മുഖേന റിപ്പോർട്ട് നൽകും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകണം. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും. പരാതികളുടെ സ്ഥിതി www.navakeralasadas.kerala.gov.in വെബ്സൈറ്റിൽ പരാതി രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.

English Summary:

Nava Kerala Sadas to begin today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com