ADVERTISEMENT

പത്തനംതിട്ട∙ മോട്ടോര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു യാത്ര തുടങ്ങിയ റോബിന്‍ ബസ് നാലാമതും തടഞ്ഞ് എംവിഡി ഉദ്യോഗസ്ഥർ. തൃശൂർ പുതുക്കാട്ടു വച്ചാണു ബസ് അവസാനമായി ഉദ്യോഗസ്ഥർ തടഞ്ഞത്. ഉദ്യോഗസ്ഥരെ കൂകിവിളിച്ചു നാട്ടുകാർ പിന്നാലെ പ്രതിഷേധിച്ചു. അങ്കമാലിയിൽവച്ചും പാലായിൽവച്ചും പത്തനംതിട്ടയിൽവച്ചും ബസ് എംവിഡി തടഞ്ഞിരുന്നു. എംവിഡി ഉദ്യോഗസ്ഥർ കടുപ്പിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വഴിനീളെ റോബിൻ ബസിന് വലിയ സ്വീകരണങ്ങൾ നൽകുകയും ചെയ്തു. 

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു യാത്ര തുടങ്ങിയ ബസ് 100 മീറ്റർ പിന്നിട്ടപ്പോളാണു പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടത്. പരിശോധന തുടരുമെന്ന് എംവിഡി വീണ്ടും അറിയിച്ചു. തുടർന്നു പാലാ ഇടപ്പാടിയിൽ വച്ചു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ബസ് വിട്ടയച്ചു. പിന്നീട് അങ്കമാലയിൽവച്ചും ബസ് തടഞ്ഞു.

‌കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ പങ്കെടുക്കും.  

ഓഗസ്റ്റ് 30നാണു റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായി.

ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബർ 16നു വീണ്ടും സർവീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് വീണ്ടും പിടികൂടി.‘വയലേഷൻ ഓഫ് പെർമിറ്റ്’ എന്ന ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. തുടർന്നു ബസ് തിരികെ ലഭിച്ചു.

∙ ബസ് ഉടമ ബേബി ഗിരീഷ് പറയുന്നത്

പത്തനംതിട്ടയിൽനിന്നു തുടങ്ങി നൂറുമീറ്റർ പിന്നിട്ടപ്പോൾ എംവിഡി പിടിച്ചു. മുക്കാമണിക്കൂറോളം അങ്ങനെ പോയി. പിന്നാലെ വലിയ സ്വീകരണം ജനങ്ങളിൽനിന്നും കിട്ടി. ആയിരക്കണക്കിന് ജനങ്ങൾ കൂടി. പാലായിൽനിന്നും വീണ്ടും എവി‍ഡി പിടിച്ചു. മുക്കാമണിക്കൂറോളം അവിടെയും പോയി. പത്തനംതിട്ടയിൽനിന്നു 7500 രൂപ ഫൈൻ തന്നു. പാലായിൽനിന്നും അങ്കമാലിയിൽനിന്നും എംവിഡി പിടിച്ചപ്പോഴും ഫൈൻ സിസ്റ്റം ജനറേറ്റ് ചെയ്തുവരുമെന്നാണ് പറയുന്നത്, കൃത്യമായി അതിനെക്കുറിച്ച് ഉദ്യോഗസ്ഥർ പറയുന്നില്ല. ഫോണിൽ മെസേജ് വരുമ്പഴേ അറിയു. നിയമത്തിന്റെ എല്ലാ പഴുതും നോക്കിയിട്ടാണു ഹൈക്കോടതി ഓടാൻ അനുമതി നൽകിയത്. ഹൈക്കോടതി നിർത്താൻ പറയുന്നതുവരെ സർവീസ് തുടരും. കോടതി നിർത്താൻ പറഞ്ഞില്ലെങ്കിൽ ദിവസേനയുള്ള സർവീസായി തുടരും

നൂറുശതമാനം നിയമം പാലിച്ചാണു സർവീസ് നടത്തുന്നത്. ഇതെന്റെ തൊഴിലാണ്. സർക്കാരിൽ അടയ്ക്കാനുള്ള എല്ലാം തുകയും അടച്ചു. എന്റെ ബസിന് എതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് എതിരെ അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കും. 1999ൽ എരുമേലി – എറണാകുളം എക്സ്പ്രസ് ബസ് സർവീസ് വിലനൽകി ഏറ്റെടുത്തു സ്വകാര്യ ബസ് സംരംഭകനായി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സർവീസുകൾ ഉണ്ടായിരുന്നു. 2007ൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വലതുകാൽ, കൈ എന്നിവയുടെ ചലനശേഷി നഷ്ടപ്പെട്ടു.

2014ൽ ദീർഘദൂര സർവീസുകൾ സർക്കാർ ഏറ്റെടുത്തതോടെ 5 ബസുകൾ വിൽക്കേണ്ടി വന്നു. കോവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്നതോടെ എരുമേലി – എറണാകുളം സർവീസ് ഒഴിച്ചുള്ളതെല്ലാം വിറ്റു. നിലവിൽ പുതിയ ബസ് വാങ്ങിയാണു പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് തുടങ്ങിയത്.

English Summary:

Robin Bus Service Restarted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com