ഡ്രില്ലിങ് ഉപേക്ഷിച്ചേക്കും; ടണലിന് മുകളിൽ നിന്ന് തൊഴിലാളികൾ കുടുങ്ങിയ ഇടത്തേക്ക് പാതയൊരുക്കും
Mail This Article
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിൽ, ഡ്രില്ലിങ് ഉപേക്ഷിച്ചേക്കുമെന്നു സൂചന. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് പൂർണമായും ഉപേക്ഷിക്കുന്നത്. പകരം ടണലിന് മുകളിൽ നിന്ന് തൊഴിലാളികൾ കുടുങ്ങിയ ഇടത്തേക്ക് പാതയൊരുക്കാനാണ് നീക്കം.
വെള്ളിയാഴ്ച വൈകിട്ട് യന്ത്രത്തിൽ നിന്ന് വൻ ശബ്ദം ഉണ്ടായതിനെ തുടർന്ന് ഡ്രില്ലിങ് നിർത്തിവച്ചിരുന്നു. സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ച കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. രക്ഷാപ്രവർത്തനം 150 മണിക്കൂറിലധികം പിന്നിട്ടു.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യനില വഷളാകുന്നതിന് മുൻപ് തൊഴിലാളികളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. അതേസമയം, എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.