‘ആരോഗ്യം മോശമാകുന്നു, തുരങ്കത്തിലേക്ക് നൽകുന്നത് ഉണക്കപ്പഴങ്ങളും വിറ്റമിൻ ഗുളികയും; ഭാഗ്യം, വെളിച്ചമുണ്ട്’
Mail This Article
ഉത്തരകാശി ∙ നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനിലയിൽ ആശങ്ക. പൈപ്പിനുള്ളിലൂടെ ഭക്ഷണം തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. ഉണങ്ങിയ പഴങ്ങളും വിറ്റമിൻ ഗുളികളും വിഷാദമുണ്ടാകാതിരിക്കാനുള്ള മരുന്നുകളുമാണ് നൽകുന്നത്.
ഭാഗ്യവശാൽ തുരങ്കത്തിനുള്ളിൽ വെളിച്ചമുണ്ടെന്ന് ഉത്തരാഖണ്ഡ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവെ സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. പൈപ്പിലൂടെ ഭക്ഷണവും വെള്ളവും എത്തിക്കാൻ സാധിക്കുന്നുണ്ട്. തൊഴിലാളികളെ രക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ഏതെല്ലാം മാർഗത്തിലൂടെ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്ന് ഉന്നതല യോഗത്തിൽ ചർച്ച ചെയ്തു. അഞ്ച് മാർഗങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ബോർഡർ റോഡ് ഓർഗനൈസേഷനും സൈന്യവും നിരന്തരം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മല താഴേക്കു തുരന്ന് തുരങ്കത്തിനകത്തു പ്രവേശിച്ച് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് ശ്രമം. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ 45 ഡിഗ്രി ചെരിച്ചാണ് തുരക്കുക. നാല് ദിവസമായി നടത്തിയ ശ്രമങ്ങള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്കർസിങ് ധാമിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി.
‘‘തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനു സാധ്യമായ എല്ലാശ്രമങ്ങളും നടത്തും. വിദഗ്ധരുടെ വലിയസംഘം രക്ഷാപ്രവർത്തനത്തിൽ ഏര്‍പ്പെട്ടിട്ടുണ്ട്’’– പുഷ്കർസിങ് ധാമി പറഞ്ഞു. ഓക്സിജനും ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ശബ്ദം നേര്‍ത്തു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തണുപ്പ് ശക്തമാകുന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുന്നു.