നവകേരള ബസിന് കരിങ്കൊടി; കല്യാശേരിയിൽ യൂത്ത് കോൺഗ്രസുകാർക്ക് മർദനം, പ്രവർത്തകർ കസ്റ്റഡിയിൽ
Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ പ്രത്യേക ബസിനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണു കരിങ്കൊടി കാണിച്ചത്. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. നവകേരള സദസ്സിനും ബസിനും നേരെയുണ്ടായ ആദ്യ പ്രതിഷേധമാണിത്.
വലിയ തോതിലുള്ള പൊലീസ് സുരക്ഷയെ മറികടന്നായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. വൊളന്റിയർമാരായി നിന്നിരുന്നവരുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാരെ മർദിക്കുന്ന വിഡിയോ പുറത്തുവന്നു. തലയ്ക്കു പരുക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിങ്കൊടി കാണിച്ചതിനു പൊലീസ് നോക്കിനിൽക്കെ ഡിവൈഎഫ്ഐ– എസ്എഫ്ഐ പ്രവർത്തകർ തന്നെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ചതായി പൊലീസ് കസ്റ്റഡിയിലുള്ള മഹിത മോഹൻ ആരോപിച്ചു. പലയിടത്തും ഇത്തരത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. 4 വീതം കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചതായി പൊലീസ് അറിയിച്ചു.