തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം തുടരുന്നു; ഡിആർഡിഒ റോബട്ടുകളെ അയച്ചു
Mail This Article
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര–ദന്തൽഗാവ് തുരങ്കത്തിനകത്തു കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം തുടരുന്നു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇടത്തേക്ക് ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതായി ദേശീയപാത വികസന കോര്‍പറേഷന്‍ ഡയറക്ടർ അൻഷു മനീഷ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന 41 പേരും സുരക്ഷിതാരാണെന്നും പുതിയ നീക്കത്തോടെ അവർക്ക് കൂടുതൽ ഭക്ഷണവും വെള്ളവും എത്തിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൈപ്പ് സ്ഥാപിച്ചതോടെ കുടുങ്ങിക്കിടക്കുന്നവരുമായി കൂടുതൽ ആശയവിനിമയം നടത്താനും ഇവർക്കുള്ള ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കാനുമാകും. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആർഡിഒ വികസിപ്പിച്ച രണ്ട് റോബട്ടുകളെയും രക്ഷാദൗത്യത്തിന് എത്തിച്ചിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച ചെറു റോബട്ടിനെ കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തൽസമയ ദൃശ്യങ്ങളും പരിശോധിക്കാനാണു നീക്കം. കൂടുതൽ സാങ്കേതിക സഹായങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തുമെന്നും അൻഷു മനീഷ് വ്യക്തമാക്കി.
മലമുകളിൽനിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളിൽ കടക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. അതേസമയം, മുകളിൽ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോൾ താഴെ തുരങ്കം ഇടിയാൻ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. 90 സെന്റിമീറ്റർ വ്യാസമുള്ള 10 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റി തൊഴിലാളികളിലേക്കെത്തിച്ച് അതുവഴി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ട കുഴലുകൾ 30 മീറ്റർ സഞ്ചരിച്ചപ്പോൾ വലിയ പാറകളിൽ തട്ടി നിന്നു.
അതേസമയം, സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ്ങുമായി ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞെന്നാണ് വിവരം. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ രക്ഷാപ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുൻ ഉപദേഷ്ടാവ് ഭാസ്‌കർ ഖുൽബെയും പിഎംഒ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗിൽഡിയാലും നിർേദശം നൽകി.