പീഡന, കൊലക്കേസുകളിൽ തടവുശിക്ഷയനുഭവിക്കുന്ന ബാബാ ഗുർമീതിന് വീണ്ടും പരോൾ; ഈ വർഷം മൂന്നാമത്
Mail This Article
ചണ്ഡീഗഡ്∙ ലൈംഗികപീഡനക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിവാദ ആൾദൈവവും ദേര സച്ച സൗധ മേധാവിയുമായ ബാബാ ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു. 21 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചത്. ഈ വർഷം ഇതു മൂന്നാം തവണയാണ് ബാബാ ഗുർമീതിനു പരോൾ ലഭിക്കുന്നത്.
നിലവിൽ റോത്തക്കിലെ സുനാരിയ ജയിലിലുള്ള ഗുർമീത്, പരോൾ ലഭിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങി ഉത്തർപ്രദേശിലെ ഷാ സത്‍നാം ആശ്രമത്തിലേക്കു മാറിയേക്കും. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുന്ന ബാബാ ഗുർമീതിന് ദേര മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
2017ൽ ജയിലിലടച്ചതു മുതൽ ഇതുവരെ വിവിധ കാരണങ്ങൾ പറഞ്ഞ് അഞ്ചു തവണ ഗുർമീതിനു പരോൾ അനുവദിച്ചു. പ്രായാധിക്യ പ്രശ്നങ്ങളുള്ള മാതാവിനെ കാണാനും ചികിത്സയ്ക്കുമായി മൂന്നു തവണ അടിയന്തര പരോൾ നേടിയിരുന്നു. ഈ വർഷം ജനുവരിയിലും കഴിഞ്ഞ വർഷം ഒക്ടോബറിലും ഇയാൾക്ക് 40 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം തന്നെ ജൂണിൽ ഒരു മാസവും 2022 ഫെബ്രുവരിയിൽ മൂന്ന് ആഴ്ചത്തെ പരോളും അനുവദിച്ചിരുന്നു.
ജനുവരിയിൽ ഗുർമീതിന് 40 ദിവസത്തെ പരോൾ അനുവദിച്ചത് വിവാദമായപ്പോൾ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞത്, എല്ലാ നിബന്ധനകളും പാലിച്ചാണ് പരോൾ അനുവദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമാണ്. ഈ പരോൾ സമയത്ത് ഗുർമീത് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത് വൈറലായിരുന്നു. പരോളിലിറങ്ങി നിരവധി പൊതുപരിപാടികളിലും ഗുർമീത്‍ പങ്കെടുക്കാറുണ്ട്. രാഷ്ട്രീയ പാർട്ടികളും നേതാക്കളുമായി വളരെ അടുത്ത ബന്ധം ഗുർമീതിനുണ്ട്.
സിർസയിലെ ദേര ആസ്ഥാനത്ത് 1999–2001 കാലയളവിൽ ആശ്രമ അന്തേവാസികളായ രണ്ടു യുവതികളെ പീഡിപ്പിച്ച കേസാണ് ഗുർമീതിന് കുരുക്കായത്. ഈ കേസുകളിൽ ഗുർമീതിന് 2017 ഓഗസ്റ്റിൽ 20 വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലും കുറ്റക്കാരനായി കണ്ട ഗുർമീതിന് ഓരോന്നിനും 10 വർഷം വീതം കഠിനതടവും 15 ലക്ഷം രൂപ വീതം പിഴയുമാണു വിധിച്ചത്.2002 ൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിക്കും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ലഭിച്ച ഊമക്കത്തിനെ തുടർന്നാണു ഗുർമീതിനെതിരെ പീഡനക്കേസെടുത്തത്.
പത്രപ്രവർത്തകനെ കൊന്ന കേസിലാണു ഗുർമീതിനും മറ്റു 3 പേർക്കും 2017ൽ സിബിഐ കോടതി ജീവപര്യന്തം വിധിച്ചു. ദേരാ മാനേജരെ കൊലപ്പെടുത്തിയ കേസിൽ 2021ൽ ഗുർമീതിനും 4 അനുയായികൾക്കും വീണ്ടും ജീവപര്യന്തം തടവ് വിധിച്ചു.