ADVERTISEMENT

ന്യൂഡൽഹി∙ റീജിയനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ‌ആർ‌ടി‌എസ്) ഇടനാഴി പദ്ധതിക്ക് പണം നൽകാത്തതിന് ഡൽഹി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കുടിശ്ശിക ഒരാഴ്ചയ്ക്കുള്ളിൽ അടച്ചില്ലെങ്കിൽ, ഡൽഹി സർക്കാർ പരസ്യത്തിനായി അനുവദിച്ച ഫണ്ട് പദ്ധതിക്കായി മാറ്റുമെന്നും കോടതി പറഞ്ഞു. ഡൽഹിയെ ഉത്തർപ്രദേശിലെ മീററ്റ്, രാജസ്ഥാനിലെ അൽവാർ, ഹരിയാനയിലെ പാനിപ്പത്ത് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈ സ്പീഡ് റെയിൽ ഇടനാഴിയാണ് ആർആർടിഎസ് പദ്ധതി. 

ബജറ്റ് വിഹിതം സംസ്ഥാന സർക്കാർ പരിശോധിക്കേണ്ട കാര്യമാണെന്നും എന്നാൽ, ഇത്തരം ദേശീയ പദ്ധതികളെ അതു ബാധിക്കുകയും പരസ്യങ്ങൾക്കു പണം ചെലവഴിക്കുകയും ചെയ്താൽ, ആ പണം ഈ പദ്ധതിക്കു കൈമാറാൻ നിർദേശിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലൈ 24ന് ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ പദ്ധതിക്ക് പണം നൽകാമെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയതായി കോടതി ചൂണ്ടിക്കാണിച്ചു. 

‘‘പരസ്യ ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട്, പദ്ധതിയിലേക്കു മാറ്റുമെന്നു നിർദേശിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു’’– എന്ന് കോടതി പറഞ്ഞു. ‘‘ഡൽഹി സർക്കാരിന്റെ അഭിഭാഷകന്റെ അഭ്യർഥനപ്രകാരം, ഞങ്ങൾ ഈ ഉത്തരവ് ഒരാഴ്ചത്തേക്കു മാറ്റിവയ്ക്കുന്നു. ഫണ്ട് കൈമാറിയില്ലെങ്കിൽ ഉത്തരവ് പ്രാബല്യത്തിൽ വരും’’ - കോടതി വ്യക്തമാക്കി. ജൂലൈ 24ന് വിഷയം പരിഗണിക്കവേ, രണ്ടു മാസത്തിനുള്ളിൽ പദ്ധതിക്കായി 415 കോടി രൂപ നൽകാൻ കോടതി നിർദേശിച്ചിരുന്നു. ജൂലൈയിൽ കോടതിക്ക് നൽകിയ ഉറപ്പ് ഡൽഹി സർക്കാർ പാലിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച്, കേസ് നവംബർ 28ന് വാദം കേൾക്കാനായി മാറ്റി. 

ആർ‌ആർ‌ടി‌എസ് പദ്ധതിക്കായി പണം സംഭാവന ചെയ്യാനുള്ള ബുദ്ധിമുട്ട് ഡൽഹി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി പരസ്യങ്ങൾക്കായി ചെലവഴിച്ച തുക നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിലായി ഡൽഹി സർക്കാർ പരസ്യങ്ങൾക്കായി 1,100 കോടി രൂപ ചെലവഴിച്ചതായി ജൂലൈ 24ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ആർആർടിഎസ് ഇടനാഴിക്ക് എൻവയോൺമെന്റ് കോമ്പൻസേഷൻ ചാർജിൽ (ഇസിസി) 500 കോടി രൂപ നൽകാൻ ഡൽഹി സർക്കാരിനോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. 82.15 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 31,632 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 24 സ്റ്റേഷനുകളുള്ള ഇടനാഴി ഡൽഹിയിലെ സരായ് കാലേ ഖാൻ മുതൽ മീററ്റിലെ മോദിപുരം വരെയുള്ള ദൂരം 60 മിനിറ്റിനുള്ളിൽ പിന്നിടും.

English Summary:

"Ad Money Will Be...": Supreme Court Warns AAP Over Funds For Rapid Rail Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com