‘തെലങ്കാനയിൽ ബിആർഎസ് അധികാരത്തിലേറിയാൽ നിയന്ത്രണം ഉവൈസിക്ക്; ബിജെപി വന്നാൽ മുസ്ലിംകളുടെ 4% സംവരണം നിർത്തും’
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ സംസ്ഥാനത്ത് മുസ്‍ലിം സമുദായത്തിനു നൽകിവരുന്ന നാലു ശതമാനം സംവരണം ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്‍ലിം സമുദായത്തിനു നൽകുന്ന സംവരണം അവസാനിപ്പിച്ച് അത് ഒബിസി, എസ്‍സി, എസ്ടി വിഭാഗങ്ങൾക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ മാഡിഗ സമുദായത്തിന് എസ്‌സി വിഭാഗത്തിൽ സംവരണം ഉറപ്പാക്കുമെന്നും അറിയിച്ചു. തെലങ്കാനയിലെ ജംഗോണിൽ നടന്ന തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബിആർഎസ് സർക്കാർ നടത്തിയ അഴിമതികളെല്ലാം പുറത്തു കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. വികസനത്തിന്റെ പേരിൽ സംസ്ഥാനത്ത് കമ്മിഷൻ ചെയ്തിട്ടുള്ള എല്ലാ പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ടെന്നും അതിൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരു മുഖ്യമന്ത്രി എന്ന പ്രഖ്യാപനം നടപ്പിലാക്കുമെന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ സൗജന്യമായി ദർശനം സാധ്യമാക്കുമെന്നും അമിത് ഷാ അറിയിച്ചു. ബിആർഎസും കോൺഗ്രസും ഏറെക്കാലം രാമക്ഷേത്ര നിർമാണത്തെ എതിർത്തിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസും ബിആർഎസും എഐഎംഐഎമ്മുമെല്ലാം ‘പരിവാർവാദി’ പാർട്ടികളാണെന്നും അവർ അവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഇവരെല്ലാം 2ജി, 3ജി, 4ജി പാർട്ടികളാണ്. 2ജി എന്നുവച്ചാൽ കെസിആറും അദ്ദേഹത്തിന്റെ മകൻ കെ.ടി.രാമറാവുവും അടങ്ങുന്ന രണ്ടു തലമുറ. അസദുദ്ദീൻ ഉവൈസിയും അദ്ദേഹത്തിന്റെ പിതാവും പിതാവിന്റെ പിതാവും അടങ്ങുന്ന മൂന്നു തലമുറയാണ് 3ജി, 4ജി ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും അടങ്ങുന്ന കോൺഗ്രസിന്റെ നാലു തലമുറകളാണ്. എന്നാൽ ബിജെപി 2ജിയോ 3ജയോ 4ജിയോ അല്ല. അത് തെലങ്കാനയിലെ ജനങ്ങളുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബവാഴ്ചയുടെയും പിന്തുണയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന്റെ നെറുകയ്യിൽ എത്തിയിരിക്കുന്നു. അദ്ദേഹം പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചു, അടിമത്തത്തിന്റെ അടയാളങ്ങളെല്ലാം തുടച്ചുനീക്കാൻ ‘കർഥവ്യപഥ്’ നിർമിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിആർഎസ് അധികാരത്തിലേറിയാൽ സർക്കാരിന്റെ നിയന്ത്രണം അസദുദ്ദീൻ ഉവൈസി ഏറ്റെടുക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി. ഉവൈസിയെ ഭയന്നാണ് കെസിആർ സെപ്റ്റംബർ 17ന് ഹൈദരാബാദ് വിമോചനം ദിനം ആചരിക്കാതിരുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ ഇത് ഔദ്യോഗികമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.