തെരുവിൽ പരുക്കേറ്റ നായയെ ആശുപത്രിയിലാക്കിയതിന് ഭീഷണി; മേനകാ ഗാന്ധിക്കെതിരെ പരാതിയുമായി രോഹൻ
Mail This Article
തിരുവനന്തപുരം ∙ തെരുവിൽ പരുക്കേറ്റു കിടന്ന നായയെ ആശുപത്രിയിലാക്കിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മേനകാ ഗാന്ധിക്കെതിരെ ഡിജിപിക്ക് പരാതി. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്.രോഹൻ കൃഷ്ണയാണു പരാതി നൽകിയത്.
തെരുവുനായ കോവളം ഭാഗത്ത് ദേശീയപാതയിൽ റോഡരികിൽ രക്തമൊലിപ്പിച്ച് കിടക്കുകയായിരുന്നു. അതുവഴി പോകുകയായിരുന്ന രോഹൻ നായയെ വിഴിഞ്ഞത്തെ മൃഗാശുപത്രിയിലെത്തിച്ചു. ചികിത്സ നൽകിയശേഷം നായയെ ആശുപത്രിവളപ്പിനു പുറത്തേക്ക് കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. നായയെ ആശുപത്രി വളപ്പിൽ നിർത്താൻ കഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്.
കാറിൽ കൊണ്ടുപോകുന്നത് തന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ നിരവധി മൃഗസംരക്ഷണ സംഘടനകളെ സഹായത്തിനായി വിളിച്ചെന്നു രോഹൻ പറയുന്നു. വാഹനമില്ലെന്നത് അടക്കമുള്ള കാരണങ്ങളാൽ അവരാരും വരാൻ തയാറായില്ല. ചികിത്സയെ തുടർന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നായയെ ആശുപത്രിയുടെ മുന്നിലുള്ള സ്ഥലത്താക്കി യാത്ര തുടരേണ്ടി വന്നതായി രോഹൻ പറയുന്നു. ഇക്കാര്യങ്ങൾ വിവരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു.
പോസ്റ്റ് കണ്ട്, മേനകാ ഗാന്ധിയുടെ മൃഗസംരക്ഷണ സംഘടനയിൽ പ്രവർത്തിക്കുന്നവർ ഇക്കാര്യം അവരെ അറിയിച്ചു. തുടർന്നാണ് മേനക ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നു പരാതിയിൽ പറയുന്നു. മേനക മോശമായ ഭാഷയിൽ സംസാരിക്കുകയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു രോഹൻ ആരോപിച്ചു. 17–ാം തീയതിയാണ് വിളിച്ചത്.
തട്ടിപ്പുകാരൻ, മൂന്നാംകിട മനുഷ്യജീവി, സമൂഹമാധ്യമത്തിൽ പ്രശസ്തിക്കായി എന്തും ചെയ്യുന്നയാൾ തുടങ്ങിയ ആക്ഷേപവാക്കുകൾ പറഞ്ഞതായും രോഹൻ പരാതിയിൽ ആരോപിച്ചു. റോഡപകടങ്ങൾ ഉണ്ടായാൽ ആളുകളെ സഹായിക്കാൻ സജീവമായി ഇടപെടുന്നയാളായ രോഹൻ ഇരുപതോളംപേരെ ഇങ്ങനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.