ADVERTISEMENT

ഗാസ ∙ കുരുന്നുകളടക്കം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത് ഒരു മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധം താൽക്കാലിക വിരാമത്തിലേക്കെന്നു സൂചന. താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്നു ഹമാസ് തലവന്‍ ഇസ്മായിൽ ഹാനിയ്യ പറഞ്ഞതു മേഖലയിൽ ആശ്വാസം പകരുന്നതാണ്. വെടിനിർത്തലിനു ഖത്തറിന്റെ മധ്യസ്ഥതയിലാണു ശ്രമം പുരോഗമിക്കുന്നത്.

‘‘ഇസ്രയേലുമായി താൽക്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് ഞങ്ങൾ. മധ്യസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.’’– ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇസ്മായിൽ ഹാനിയ്യ പറഞ്ഞു. കരാർ നടപ്പിലായാൽ, ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിലും തീരുമാനമാകും. ഗാസയിലെ രൂക്ഷമായ ആക്രമണത്തിൽ ഇസ്രയേലിനെതിരെ വിമർശനം കടുത്തിരുന്നു.

അൽ ഷിഫ ആശുപത്രിക്കു പിന്നാലെ മറ്റൊന്നു കൂടി ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. വടക്കൻ ഗാസയിലെ ഇന്തൊനീഷ്യൻ ആശുപത്രിയിലേക്ക് ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 12 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം അൽഷിഫയിൽനിന്ന് ഒഴിപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള 28 നവജാതശിശുക്കളെ ഈജിപ്തിലെത്തിച്ചു. ‌ഗുരുതര പരുക്കേറ്റു ചികിത്സയിലുള്ള 250 പേർ ഇപ്പോഴും അൽ ഷിഫയിൽ തുടരുകയാണ്.

ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 5500 കുട്ടികളടക്കം 11,500 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ പ്രശ്നം ചർച്ച ചെയ്യാൻ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ബെയ്ജിങ്ങിലെത്തി. ചൈനയിലെ ചർച്ചകൾക്കുശേഷം സംഘം മോസ്കോയിലേക്കു പോകും. അറബ് ലീഗ്–ഒഐസി, പലസ്തീൻ അതോറിറ്റി പ്രതിനിധികളും സംഘത്തിലുണ്ട്.

English Summary:

Hamas Chief Says "Close To Reaching" Truce Deal In War With Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com