‘അത് കരിങ്കൊടി പ്രതിഷേധമല്ല, ചാവേറാക്രമണം, രഹസ്യ മിന്നലാക്രമണം; പ്രതിപക്ഷത്തിന് പരിഭ്രാന്തി’
Mail This Article
കണ്ണൂർ ∙ കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയത് കരിങ്കൊടി പ്രതിഷേധമല്ല, ചാവേറാക്രമണമാണെന്നു മന്ത്രി എം.ബി.രാജേഷ്. പതിനായിരക്കണക്കിന് ആളുകൾ വന്നുചേരുന്ന സർക്കാർ പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുന്നത് എന്ത് മര്യാദയാണെന്നും മന്ത്രി ചോദിച്ചു. പയ്യാമ്പലം ബീച്ചിൽ പ്രഭാത നടത്തത്തിനിടെ മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇതു കണക്കുകൂട്ടിത്തന്നെ നടത്തിയതാണ്. രണ്ടു ദിവസം നവകേരള സദസ്സ് പിന്നിട്ടപ്പോഴേക്കും അവർ പരിഭ്രാന്തരായി. ചർച്ചകൾ വഴിതിരിച്ചു വിടാനാണു ശ്രമം. പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത പ്രതിപക്ഷം കാണുന്നത് സദസ്സിൽ പങ്കെടുക്കാനുള്ള ജനങ്ങളുടെ ഒഴുക്കാണ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉയർന്നുവന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം ഗുരുതര മാനങ്ങളുള്ളതാണെന്നു വ്യക്തമായി. ആരെല്ലാം മൂടിവയ്ക്കാൻ ശ്രമിച്ചാലും നടക്കില്ല.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേട് രാജ്യദ്രോഹ പ്രവർത്തനമാണെന്ന ചർച്ചകൾ വഴിതിരിച്ചു വിടുകയാണു കരിങ്കൊടി പ്രതിഷേധം കൊണ്ട് ഉദ്ദേശിച്ചത്. ആയിരക്കണക്കിനു വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിക്കുന്നത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. യൂത്ത് കോൺഗ്രസിന്റെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്നതാണിത്. ഒരു എസ്എഫ്ഐ പ്രവർത്തകന്റെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പേരിൽ വലിയ ചർച്ചകൾ നടത്തിയ മാധ്യമങ്ങൾ ഇക്കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ല.
സർക്കാരിനെ സ്നേഹിക്കുന്നവർ ഇത്തരം പ്രകോപനങ്ങളിലൊന്നും അകപ്പെട്ടു പോകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെയും പക്വതയോടെയും പ്രതികരിച്ചപ്പോൾ, ഞങ്ങൾ ഇനിയും ചെയ്യുമെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. ആൾക്കൂട്ടത്തിന്റെ നടുവിലേക്ക് ആക്രമണം നടത്താൻ ചാവേറുകളെ പറഞ്ഞയയ്ക്കുകയാണ്. അതീവരഹസ്യമായാണ് ഇത്തരം മിന്നലാക്രമണം യൂത്ത് കോൺഗ്രസ് നടത്തിയത്. ക്രിമിനൽ പ്രവർത്തനങ്ങളുടെ രക്ഷാകർതൃത്വം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയാണ്.’’– എം.ബി.രാജേഷ് പറഞ്ഞു.
കണ്ണൂർ കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെയായിരുന്നു കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്. പഴയങ്ങാടി കെഎസ്ഇബി ഓഫിസിനു സമീപം 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെയായിരുന്നു പ്രതിഷേധം.
ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിയെത്തി ഇവരെ പിടിച്ചുമാറ്റി മർദിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല അടിച്ചുപൊട്ടിച്ചു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും മർദനത്തിൽ പങ്കുചേർന്നു. ലോക്കൽ പൊലീസെത്തിയാണ് സംഘർഷത്തിൽപെട്ടവരെ പിടിച്ചുമാറ്റിയത്. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ യൂത്ത് കോൺഗ്രസുകാരെ സ്റ്റേഷൻ വളപ്പിലേക്കു തള്ളിക്കയറിയ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു.