ADVERTISEMENT

ന്യൂഡൽഹി∙ എൻ‌സി‌ഇ‌ആർ‌ടി രൂപീകരിച്ച ഉന്നതതല സമിതി, സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കാനും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളിലെ ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്. സമിതി ചെയർപഴ്‌സൻ സി.ഐ.ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്ന് ഐസക് പറഞ്ഞു.

‘‘സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്‌നേഹവും വളർത്തിയെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്. അവരുടെ വേരുകൾ മനസ്സിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്’’ – അദ്ദേഹം പറഞ്ഞു. ‘‘ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും മിത്ത് എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യസേവനമാകില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ നേരത്തെയുണ്ടായിരുന്നുവെന്നും സമിതി പുതിയ ശുപാർശകളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ് മുറികളുടെ ചുവരുകളിൽ ഭരണഘടനയുടെ ആമുഖം എഴുതാൻ ശുപാർശ ചെയ്തതിനു പിന്നിലെ ആശയവും അദ്ദേഹം വിശദീകരിച്ചു. ‘‘നമ്മുടെ ആമുഖം ശ്രേഷ്ഠമാണ്. ജനാധിപത്യവും മതനിരപേക്ഷതയും ഉൾപ്പെടെയുള്ള സാമൂഹിക മൂല്യങ്ങൾക്ക് അത് പ്രാധാന്യം നൽകുന്നു. അതിനാൽ, ക്ലാസ് മുറികളുടെ ചുവരുകളിൽ അത് എഴുതാൻ ശുപാർശ ചെയ്തിട്ടുണ്ട്’’– അദ്ദേഹം കൂട്ടിച്ചേർത്തു.

3 മുതൽ 12 വരെ ക്ലാസുകളിലെ പാഠപുസ്തകത്തിൽ ‘ഏന്‍ഷ്യന്റ്’ എന്നതിനു പകരം ‘ക്ലാസിക്കൽ’ എന്നു ഉപയോഗിക്കണമെന്നും പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ എന്ന പേര് മാറ്റി ‘ഭാരതം’ എന്നാക്കാനും സമിതി ശുപാർശ ചെയ്തതായി ഐസക് നേരത്തെ പറഞ്ഞിരുന്നു. ‘ഇന്ത്യ’ എന്നത് ഒഴിവാക്കി ‘ഭാരതം’ എന്നാക്കാനുള്ള ശുപാർശ വിവാദമായിരുന്നു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ശുപാർശകൾ സമർപ്പിക്കാൻ 2021ൽ ആണ് 25 സമിതികൾ രൂപീകരിച്ചത്.

English Summary:

NCERT panel recommends inclusion of Ramayana, Mahabharata in school textbooks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com