ADVERTISEMENT

തൃശൂർ∙ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തി വെടിവയ്പു നടത്തിയ പൂർവ വിദ്യാർഥി ‌തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്. സെപ്റ്റംബർ 28നു ട്രിച്ചൂർ ഗൺ ബസാറിൽനിന്നാണ് തോക്കു വാങ്ങിയത്. പലപ്പോഴായി പിതാവിൽനിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ തൃശൂർ മുളയം സ്വദേശിയായ ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ സ്കൂളിൽ എയർഗണ്ണുമായി എത്തിയ ജഗൻ, സ്റ്റാഫ് റൂമിലേക്കാണ് ആദ്യം വന്നതെന്ന് സ്‌കൂളിലെ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു. ക്ലാസ് മുറികളിൽ കയറുന്നതിനിടെ എയർഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവച്ചതായും പറയുന്നു. ജഗൻ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറയുന്നു.

സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ജഗൻ, രണ്ടു വർഷം മുന്‍പാണ് പഠനം അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. രണ്ടു വർഷം മുന്‍പ് തന്റെ കൈയില്‍നിന്ന് വാങ്ങിവച്ച തൊപ്പി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സ്‌കൂളിലെത്തിയത്. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ബാഗില്‍നിന്ന് തോക്കെടുത്ത് ഇവര്‍ക്ക് നേരേ ചൂണ്ടുകയുമായിരുന്നു. ഇതിനുശേഷം ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറി. തുടര്‍ന്ന് ക്ലാസ്മുറികളില്‍വച്ചും ഇയാള്‍ വെടിയുതിർക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. സ്കൂൾ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇക്കഴിഞ്ഞ മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥിയാണ് ജഗൻ. മുൻപ് മറ്റൊരു സ്കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വിവേകോദയം സ്കൂളിലേക്ക് എത്തിയത്. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അധ്യാപകർ നൽകുന്ന വിവരം. ജഗന്റെ സംസാരത്തിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.

English Summary:

Thrissur School Shooting: Gun was bought for Rs.1800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com