‘നവകേരള സദസ്; കോഴിക്കോട് സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും ഘോഷയാത്രയിൽ പങ്കെടുക്കണം’
Mail This Article
കോഴിക്കോട്∙ നവകേരള സദസിന്‍റെ പ്രചാരണാര്‍ഥം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് സിവില്‍ സ്റ്റേഷനിലെ വകുപ്പ് മേധാവികള്‍ക്കു കത്തുനല്‍കിയത്. വ്യാഴാഴ്ച നടക്കുന്ന ഘോഷയാത്രയില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്നാണു പ്രസിഡന്‍റിന്റെ നിർദേശം. ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ കാര്യങ്ങൾ ക്രമീകരിക്കണമെന്നും കത്തിൽ പറയുന്നു.
മലപ്പുറത്ത് നവകേരള സദസിന് സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ എത്തിക്കുന്നതിനു നിർദേശം നൽകിയത് വിവാദമായിരുന്നു. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണു പ്രധാനാധ്യാപകർക്ക് കർശന നിർദേശം ലഭിച്ചത്. ഇന്നലെ തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
താനൂർ മണ്ഡലത്തിലെ സ്കൂളുകൾ 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ സ്കൂളുകൾ 100 കുട്ടികളെ വീതവും എത്തിക്കണമെന്നാണു നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും വിദ്യാർഥികളെ നവകേരള യാത്രയ്ക്കു വിടണമെന്നും നിർദേശമുണ്ടായിരുന്നു.