‘ദേവാസുരത്തിലെ ലാലേട്ടനെ പോലെയാണ് ഗോപിയേട്ടന്’: എ.വി.ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി രമ്യ ഹരിദാസ്
Mail This Article
പാലക്കാട്∙ മുൻ എംഎൽഎ എ.വി.ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി രമ്യ ഹരിദാസ്. ‘'ദേവാസുരത്തിലെ ലാലേട്ടനെ പോലെയാണ് ഗോപിയേട്ടന്‍’ എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം രമ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് അവർ വ്യക്തമാക്കി.
‘‘കെപിസിസി പ്രസിഡന്റ് രാവിലെ വിളിച്ച് അടിയന്തരമായി ഗോപിയേട്ടനെ കാണണമെന്നു പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഗോപിയേട്ടനെ കാണാൻ വന്നതാണ്. ഗോപിയേട്ടന്റെ ഫോൺ സ്വിച്ച് ഓഫാണ്. പ്രസിഡന്റ് വിളിച്ചിട്ട് കിട്ടിയിട്ടുണ്ടാകില്ല. പ്രസിഡന്റ് പറഞ്ഞതനുസരിച്ച് വന്നു. പ്രസിഡന്റും ഗോപിയേട്ടനും തമ്മിൽ സംസാരിച്ചു. ഗോപിയേട്ടന്റെ കുറച്ചു കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്. പാർട്ടിയോടും നേരത്തേ പറഞ്ഞിട്ടുണ്ട്. ഗോപിയേട്ടന്റെ കാര്യങ്ങളല്ല. ഗോപിയേട്ടൻ ഡിസിസി പ്രസിഡന്റായിരിക്കുന്ന സമയത്ത് പ്രവർത്തകർ പറഞ്ഞ കുറച്ചു കാര്യങ്ങളാണ്. ആ കാര്യങ്ങളിലാണ് സംസാരിച്ചത്’’– രമ്യ ഹരിദാസ് പറഞ്ഞു.
‘‘ദേവാസുരം സിനിമയിൽ ലാലേട്ടന്റെ ഒരു കഥാപാത്രമുണ്ട്. പ്രവർത്തകർ വിളിച്ചാൽ, ആ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് ഏതു സമയവും ഇറങ്ങിവരുന്ന ഒരാളാണ് എ.വി.ഗോപിയേട്ടൻ. ഏതു മാറിനിൽക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകനെയും പാർട്ടിയിലേക്ക് കൊണ്ടുവരാൻ ഗോപിയേട്ടന്റെ ഒരു വാക്ക്, ഒരു നടത്തം മതി. അത് പാലക്കാട്ടെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കന്മാർക്കും അറിയാവുന്നതാണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിനൊപ്പമേ ഞങ്ങളുടെ ഗോപിയേട്ടന് നിൽക്കാൻ കഴിയൂ എന്നതിൽ തർക്കമില്ല’’– അവർ കൂട്ടിച്ചേർത്തു.
എ.വി.ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നവകേരള സദസ് പാലക്കാട് ചേരുമ്പോള്‍ എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ പങ്കെടുത്തേക്കുമെന്ന് എ.വി.ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് രമ്യ ഹരിദാസിന്റെ കൂടിക്കാഴ്ച.