മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയ സംഭവം: പരാതി ലഭിച്ചാൽ കേസെന്ന് ബാലാവകാശ കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാൻ എൽപി സ്കൂൾ വിദ്യാർഥികളെ ഒരു മണിക്കൂറോളം വെയിലത്തു നിർത്തിയ സംഭവത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ. വിദ്യാർഥി സംഘടനയായ എംഎസ്എഫ് പരാതി നൽകിയിട്ടുണ്ടെന്നാണ് പറയുന്നതെന്നും പരാതി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെയർപഴ്സൻ കെ.വി.മനോജ് കുമാർ പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല.
നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് നിർദേശം നൽകിയ തിരൂരങ്ങാടി ഡിഇഒയുടെ നടപടി സംബന്ധിച്ച് കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോടു വിശദീകരണം തേടി. വിശദീകരണം ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി. നവകേരള സദസിനായി ഒരേ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ പങ്കെടുപ്പിക്കാനായിരുന്നു നിർദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ടായിരുന്നു. വിവാദമായതോടെ, കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിരുന്നില്ലെന്ന് അധികൃതർ വിശദീകരിച്ചു.