നവകേരള സദസ്സിനെ ദീപം തെളിച്ച് വരവേൽക്കണം: കൊയിലാണ്ടി നഗരസഭ സർക്കുലറിനെതിരെ വിമർശനം
Mail This Article
കൊയിലാണ്ടി (കോഴിക്കോട്)∙ നവകേരള സദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിനാൽ നഗരം നിർബന്ധമായും ദീപങ്ങൾ കൊണ്ട് അലങ്കരിക്കണമെന്നു നിർദേശം. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരം നിർബന്ധമായും അലങ്കരിക്കണമെന്നു നഗരസഭയാണ് വ്യാപാരികൾക്കു സർക്കുലർ നൽകിയത്.
നടപടി അപലപനീയമാണെന്നും രാജകീയ ഭരണത്തിന്റെ പ്രേതം മുഖ്യമന്ത്രിയെ വിട്ടൊഴിഞ്ഞിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യാപാരികൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഉഴലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി കൂടിയാണ് ഇതെന്ന് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരുൺ മണൽ പറഞ്ഞു. ഈ ഉദ്യമത്തോടു വ്യാപാരികൾ സഹകരിക്കരുത് എന്നും നഗരസഭ പിന്തിരിയണമെന്നും എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതുപോലെ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനെ മെഴുകുതിരി തെളിയിച്ചു വരവേൽക്കണമെന്നു ലൈബ്രറി കൗൺസിലാണ് വായനശാലകൾക്കു നിർദേശം നൽകിയത്. എല്ലാ ലൈബ്രറികളിൽനിന്നും 50 മെഴുകുതിരികളുമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കോടതി കെട്ടിടത്തോടു ചേർന്ന സ്ഥലത്ത് എത്തണം. എല്ലാ ലൈബ്രറികളിൽനിന്നും മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും ലൈബ്രേറിയന്മാരും മറ്റു ലൈബ്രറി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണം. ട്രാഫിക് സർക്കിൾ മുതൽ സ്റ്റേഡിയത്തിന്റെ വടക്കേ അറ്റം വരെ ഇരുവശങ്ങളിലും മെഴുകുതിരികൾ കത്തിച്ചുവയ്ക്കണം എന്നാണ് നിർദേശം.