സൈന്യത്തിന്റെ പരിപാടിയില്‍ പാടുന്നതിനിടെ റഷ്യന്‍ നടി യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു -വിഡിയോ
Mail This Article
മോസ്‌കോ∙ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈനികര്‍ക്കു മുന്നില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ റഷ്യന്‍ നടി യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ സ്‌റ്റേജില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെ പൊളീന മെന്‍ഷിക് (40) എന്ന നടിയാണു കൊല്ലപ്പെട്ടത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. പൊളീന ഗിറ്റാര്‍ മീട്ടി പാടുന്നതു സൈനികര്‍ കേട്ടിരിക്കുന്നതും പെട്ടെന്നു പൊട്ടിത്തെറിയുണ്ടായി ഇരുട്ടാകുന്നതും വിഡിയോയില്‍ കാണാം.
ഇവിടെ ആക്രമണമുണ്ടായതായി റഷ്യയുടെയും യുക്രെയ്‌ന്റെയും സൈന്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടി കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്ഥിരീകരിക്കാന്‍ റഷ്യന്‍ സൈന്യം തയാറായിട്ടില്ല. റഷ്യന്‍ സൈനിക അവാര്‍ഡ് ചടങ്ങ് നടക്കുന്നതിനിടെ ആക്രമണം നടത്തിയതായി യുക്രെയ്ന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു. 25 പേര്‍ മരിച്ചുവെന്നും നൂറിലേറെ പേര്‍ക്കു പരുക്കേറ്റുവെന്നും യുക്രെയ്ന്‍ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.