‘കേരളീയത്തിൽ ഗോത്രവർഗ വിഭാഗങ്ങളെ കാഴ്ചവസ്തുവാക്കി’: വിശദീകരണം തേടി പട്ടികവർഗ കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ ‘കേരളീയം’ പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പരമ്പരാഗത വേഷം ധരിപ്പിച്ചു കാഴ്ചവസ്തുവാക്കിയെന്ന പരാതിയിൽ കേന്ദ്ര പട്ടികവർഗ കമ്മിഷൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി. നോട്ടിസ് ലഭിച്ച് 3 ദിവസത്തിനകം വിശദീകരണം നൽകണം. ഇല്ലെങ്കിൽ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവർഗ കമ്മിഷൻ കേസെടുത്തത്.
ചീഫ് സെക്രട്ടറി വി.വേണുവിനോടും ഡിജിപി എസ്.ദർവേഷ് സാഹിബിനോടുമാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളീയത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമി ആദിമം എന്നപേരിൽ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി ലിവിങ് മ്യൂസിയം തയാറാക്കിയിരുന്നു. ഉരാളി, മാവിലർ, കാണി, മന്നാൻ, പളിയര്‍ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ ആദിമം മ്യൂസിയം ഒരുക്കിയത്.
പരമ്പരാഗത വേഷമണിഞ്ഞാണ് ഇവർ കുടിലുകൾക്കു മുന്നിൽ ഇരുന്നത്. ആദിവാസികളെ പ്രദർശന വസ്തുവാക്കിയെന്നായിരുന്നു ആരോപണം. പ്രദർശന വസ്തുവാക്കിയെന്ന അഭിപ്രായമില്ലെന്ന് കലാകാരൻമാർ പ്രതികരിച്ചിരുന്നു. ആദിവാസികളെ പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും കേരളീയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമമാണെന്നുമായിരുന്നു സർക്കാർ പ്രതികരണം.