അഹമ്മദ് ദേവർകോവിലിന് എതിരെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് പരാതി
Mail This Article
കോഴിക്കോട്∙ മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കു പരാതി. വടകര മുട്ടുങ്ങൽ സ്വദേശി എം.കെ. യൂസഫ് ആണ് പരാതി നൽകിയത്. കോടതിവിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ 63 ലക്ഷം വാങ്ങിനൽകാൻ ഇടപെടണമെന്നുമാണു പരാതിയിൽ പറയുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി നേരത്തെ പരാതിക്കാരൻ പരാതി നൽകിയിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. തുടർന്നാണു വീണ്ടും പരാതി നൽകിയതെന്നു പരാതിക്കാരൻ പറഞ്ഞു.
എന്നാൽ നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കയ്യിലെ കോടാലിപ്പിടികളാണു തനിക്കെതിരെയുള്ള അപവാദ പ്രചരണത്തിന്റെ പിന്നിലെന്നായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മറുപടി. ഞാനുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടില്‍ എന്നെയും പ്രതിചേര്‍ത്തു കൊടുത്ത കേസിലെ വിധിക്കെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതും വാര്‍ത്താ മാധ്യമങ്ങളിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചതുമാണ്. എന്നാല്‍ ഞാനുമായി ബന്ധപ്പെട്ട സുപ്രധാന സമയങ്ങളില്‍ ഈ അപവാദങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിനു പിന്നില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ചിലരാണ്. തിരഞ്ഞെടുപ്പു പ്രചാരണഘട്ടത്തിലും തുടര്‍ന്നു മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലും ഇപ്പോള്‍ നവകേരള സദസ്സിലും അതേ വിവാദം ഉയര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അതേ സംഘമാണ്. ഇത്തരം അപവാദങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.