ADVERTISEMENT

തിരുവനന്തപുരം ∙ നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പണം പിരിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക്. യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ന്യായീകരിക്കുകയും അക്രമപ്രവർത്തനം തുടരാൻ നിർദേശിക്കുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെയും പരാതി നൽകും. നവകേരള സദസിന്റെ പേരിൽ നടക്കുന്ന മുഴുവൻ പണപിരിവും ഭീഷണിപ്പെടുത്തിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പറവൂർ നഗരസഭയിലെ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് പ്രതിപക്ഷമല്ല, ഭരണപക്ഷമാണ്.

നവകേരള സദസിനു പണം കൊടുക്കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടു നിർദേശിച്ചിരുന്നു. പറവൂർ നഗരസഭാ സെക്രട്ടറി നിർദേശം ലംഘിച്ചാണ് പണം നൽകിയത്. തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിനു പണം കൊടുക്കണമെന്നു പറയാൻ സർക്കാരിനു അധികാരമില്ല. പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. 1994ൽ നിയമഭേദഗതി വന്നശേഷം തനതു ഫണ്ട് ചെലവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പറവൂർ നഗരസഭാ സെക്രട്ടറി നിയമം ലംഘിച്ചു. നവകേരള സദസിനു പണം കൊടുക്കണമെങ്കിൽ ചെയർമാന്റെ അനുമതി വേണം. അന്വേഷിച്ചപ്പോൾ, പണം നൽകിയില്ലെങ്കിൽ പ്രൊബേഷൻ ക്ലിയർ ചെയ്ത് തരില്ലെന്നു ഭീഷണിപ്പെടുത്തുന്നു എന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ മന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുമാണ്. നവകേരള സദസ്സിനു പണം നൽകാൻ നിർദേശിച്ച് തദ്ദേശ അഡി.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇറക്കിയ ഉത്തരവു തന്നെ നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയ പ്രസംഗം മാത്രമേയുള്ളൂ. തിര‍ഞ്ഞെടുപ്പ് പ്രചാരണമാണ് നവകേരള സദസിലൂടെ എൽഡിഎഫ് നടത്തുന്നത്.

മേയ് രണ്ടു മുതൽ ജൂൺ നാലുവരെ മന്ത്രിമാർ താലൂക്ക് അദാലത്തുകൾ നടത്തിയിരുന്നു. പതിനായിരക്കണക്കിനു പരാതി ലഭിച്ചെങ്കിലും തുറന്നു നോക്കാതെയാണ് നവകേരള സദസിലൂടെ വീണ്ടും പരാതി സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷ, മരുന്നു ക്ഷാമം, പെൻഷൻ, ആനൂകൂല്യങ്ങൾ, എസ്ഇഎസ്ടി ആനൂകൂല്യങ്ങൾ അടക്കമാണ് താലൂക്ക് അദാലത്തിൽ പരിഗണിച്ചത്. അതിലൂടെ ലഭിച്ച ഒരു പരാതിയും പരിഹരിച്ചിട്ടില്ല. നവകേരള സദസിലൂടെ 25,000 പരാതി കിട്ടിയെന്നാണ് സർക്കാർ പറയുന്നത്. അതിനർഥം ഒരു കാര്യവും നടക്കുന്നില്ലെന്നാണ്. നവകേരള സദസിനായി 44 ദിവസം സെക്രട്ടേറിയറ്റിൽനിന്ന് മന്ത്രിമാർ മാറി നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കൂടെ യാത്ര ചെയ്യുക മാത്രമാണ് മന്ത്രിമാരുടെ റോൾ. മന്ത്രിമാരെ എന്തിനാണു കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. 

തലസ്ഥാനം ഒറ്റ മഴയിൽ വെള്ളത്തിലായി. വെള്ളക്കെട്ടിനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ മാസം പറ‍ഞ്ഞിട്ടും ഒരു നടപടിയുമില്ല. മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചത് ‘ജീവൻരക്ഷാ പ്രവർത്തനം’ ആണെന്നാണ്. എഫ്ഐആറിൽ പറയുന്നത് വധശ്രമെന്നും. അക്രമപ്രവർത്തനം തുടരണമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാൻ കഴിയില്ല. നവകേരള സദസ് അശ്ലീല നാടകമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

Fundraising for Nava Kerala Sadas, justification for violence: Opposition seeks legal action against Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com