നവകേരള യാത്രയ്ക്കു കുട്ടികളെയും ബസുകളും അയയ്ക്കരുത്: ഹൈക്കോടതി
Mail This Article
കൊച്ചി∙ നവകേരള യാത്രയ്ക്കു കുട്ടികളെയും ബസുകളും അയയ്ക്കരുതെന്ന് ഹൈക്കോടതി നിർദേശം. പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പരിപാടിക്കും കുട്ടികളെ അയയ്ക്കരുതെന്നു പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
നവകേരള യാത്രയ്ക്കു സ്കൂളുകളിൽനിന്നു വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റ് പി.കെ.നവാസ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.
നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ, ഇത്തരം ഉത്തരവിടാൻ ഡപ്യൂട്ടി ഡയറക്ടർക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു കോടതി പറഞ്ഞു. എന്നാൽ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 21ലെ തുടർ ഉത്തരവിലൂടെ പിൻവലിച്ചെന്ന് സർക്കാരിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. മറ്റു ജില്ലകളിലും കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ഇത് കോടതി രേഖപ്പെടുത്തി.
നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്