മകൻ കാനഡയിൽ അപകടത്തിൽ മരിച്ചു; ഡോക്ടറായ മാതാവ് വിവരമറിഞ്ഞ് കായംകുളത്ത് ജീവനൊടുക്കി
Mail This Article
കായംകുളം∙ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48) കായംകുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസ ജീവനൊടുക്കിയത്. കായംകുളം പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.
കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ, മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻ ടി വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്. ഇവരുടെ മകൻ കാനഡയിൽ എൻജിനീയറിങ് വിദ്യാർഥിയായ ബിന്യാമിൻ കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തിൽ മരിച്ചത്. വിവരമറിഞ്ഞതു മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു ഡോ. മെഹറുന്നീസ.
ഇന്നു രാവിലെ 7.30ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘മകന്‍ പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിക്കു ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)