ഡീപ്ഫെയ്ക്കിനോട് വിട്ടുവീഴ്ചയില്ല; ചട്ടം രൂപീകരിക്കാൻ സമൂഹമാധ്യമങ്ങൾക്ക് ഏഴു ദിവസം സമയം
Mail This Article
ന്യൂഡൽഹി∙ ഡീപ്ഫെയ്‌ക്കുകളും അപകീർത്തികരമായ എഐ കണ്ടന്റുകളും നേരിടാനായി നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനോടനുബന്ധിച്ച് ഡീപ്ഫെയ്‌ക്കുകൾക്കെതിരെ നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘‘പൊതുജനങ്ങൾക്ക് ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ അറിയിക്കുന്നതിനായി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം വെബ്സൈറ്റ് തയാറാക്കും. ഇതിൽ പരാതി നൽകുന്നതിനു സംവിധാനമുണ്ടാകും. ആദ്യം സമൂഹമാധ്യമങ്ങൾക്കെതിരെയാകും കേസ്. പ്രചരിച്ച ഉള്ളക്കടത്തിന്റെ ഉറവിടം പുറത്തുവരുമ്പോൾ അവർക്കെതിരെയും കേസെടുക്കും. ഐടി ചട്ടങ്ങൾ പാലിക്കുന്നതിനായി ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനായി സമൂഹമാധ്യമങ്ങൾക്ക് ഏഴു ദിവസത്തെ സാവകാശം നൽകും. ഇന്നു മുതല്‍ നിയമം ലംഘിക്കുന്നവരോടു വിട്ടുവീഴ്ചയില്ല’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡീപ്‌ഫെയ്‌ക്കുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഒരു ലക്ഷം രൂപ പിഴയും മൂന്നുവർഷം ജയിൽവാസവും ലഭിക്കുന്ന തരത്തിലാണു കേന്ദ്രസർക്കാർ നിയമം നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ഡീപ്ഫെയ്‌ക്കുകൾ പ്രചരിക്കുന്നതിലെ ആശങ്കയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചിരുന്നു. ജി–20 രാജ്യങ്ങളുടെ സമ്മേളനത്തിൽ ഇത്തരത്തിൽ ഒരു നിയന്ത്രണം രാജ്യാന്തരതലത്തിൽ തന്നെ വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡീപ്‌ഫെയ്‌ക്കിൽ സമൂഹമാധ്യമ കമ്പനികളുമായി ഡിസംബർ ആദ്യവാരം ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വീണ്ടും ചർച്ച നടത്തുന്നുണ്ട്.